ന്യൂദൽഹി: ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേനയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി മാര്‍ലേന ഉൾപ്പെടെ 12 എ.എ..പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് പുറത്താക്കി സ്പീക്കർ വിജേന്ദർ ഗുപ്ത.
പുറത്താക്കപ്പെട്ട എ.എ.പി എം.എൽ.എമാരിൽ പ്രതിപക്ഷ നേതാവ് അതിഷിയെക്കൂടാതെ ഗോപാൽ റായ്, വീർ സിങ് ദിങ്കൻ, മുകേഷ് അഹ്ലാവത്, ചൗധരി സുബൈർ അഹമ്മദ്, അനിൽ ഝാ, വിശേഷ് രവി, ജർണയിൽ സിങ് എന്നിവരാണ് ഉൾപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തതിന് ബി.ജെ.പിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിനാണ് എ.എ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തതിലൂടെ ബി.ജെ.പി അദ്ദേഹത്തെ അനാദരിച്ചു എന്ന് അതിഷി വിമർശിച്ചു.
‘ബാബാസാഹിബ് അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്തുകൊണ്ട് ബി.ജെ.പി അവരുടെ യഥാർത്ഥ നിറം തെളിയിച്ചിരിക്കുന്നു. മോദിക്ക് ബാബാസാഹേബിനെ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നുണ്ടോ?,’ ആതിഷി മാധ്യമങ്ങളോട് പറഞ്ഞു.
ദൽഹി സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അംബേദ്കറുടെ ചിത്രങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം നീക്കം ചെയ്തതായി അവർ പറഞ്ഞു. പുറത്താക്കപ്പെട്ട എ.എ.പി നിയമസഭാംഗങ്ങൾ പിന്നീട് അസംബ്ലി വളപ്പിൽ അംബേദ്കറുടെ ഛായാചിത്രങ്ങളുമായി പ്രതിഷേധം നടത്തി, ‘ബാബാസാഹെബിനോടുള്ള ഈ അപമാനം ഇന്ത്യ സഹിക്കില്ല’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി അവർ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്തത്. അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്ത ബി.ജെ.പി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ ഓഫീസില്‍ സ്ഥാപിച്ചു.
സംഭവത്തില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളില്‍ നിന്നും അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ നീക്കിയതായി പ്രതിപക്ഷ നേതാവ് അതിഷി മാര്‍ലേന പറഞ്ഞു. ബി.ജെ.പിയുടെ ദളിത്-സിഖ് വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അതിഷി പറഞ്ഞു.
Content Highlight: Delhi speaker expels 12 AAP MLAs for day from House for raising slogans