| Saturday, 8th February 2020, 11:31 am

വോട്ട് ചെയ്ത് സമരപ്പന്തലിലെത്തി ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍; മണ്ഡലങ്ങളില്‍ കനത്ത പോളിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമരപന്തലില്‍ എത്തുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തി ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. അതിരാവിലെ തന്നെ ഷാഹീന്‍ബാഗ് പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകളില്‍ എത്തിയാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് വിവിധ മണ്ഡലങ്ങളില്‍ കാണുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളുടെ കേന്ദ്രബിന്ദുവായ ഷഹീന്‍ബാഗിന്റെ മനസ് ആര്‍ക്കൊപ്പമാണെന്ന് മണിക്കൂറുകള്‍ക്കകം അറിയാം.

സൈന്യത്തിന്റെ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയത്. വോട്ടിങ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഷഹീന്‍ബാഗിലെ എട്ട് മണ്ഡലങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനവിധി കോണ്‍ഗ്രസിനേയും ആം ആദ്മിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതുമാണ്.

2020ല്‍ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ദല്‍ഹിയിലേക്ക്. പൗരത്വ ഭേദഗതി നിയമത്തില്‍ വലിയ പ്രതിഷേധം നടന്ന മേഖല കൂടിയാണ് ദല്‍ഹി.

ദല്‍ഹിയില്‍ 11 മണ്ഡലങ്ങളിലെങ്കിലും മുസ്‌ലീം വോട്ടര്‍മാര്‍ക്ക് നിര്‍ണായക് സ്വാധീനമുണ്ട്. 2013 ല്‍ ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ നേടിയ കോണ്‍ഗ്രസിന് എന്നാല്‍ 2015 ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു.

എന്നാല്‍ 2015 ല്‍ ആം ആദ്മിക്കൊപ്പം നിന്ന ജനങ്ങള്‍ ഇത്തവണയും ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ ഷഹീന്‍ബാഗ് വിഷയം ഉള്‍പ്പെടെ തങ്ങള്‍ക്കനുകൂലമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

അതേസമയം സി.എ.എ വിഷയം തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കുമെന്ന് ഒരു വിഭാഗം വോട്ടര്‍മാര്‍ പറയുമ്പോള്‍ സി.എ.എ സംസ്ഥാന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more