ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 16 ദിവസത്തിനിടെ എണ്‍പത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ കാലയളവിലെ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. നിലവില്‍ 976 പ്രദേശങ്ങളാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 5 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 10,514 ആയിരുന്നു. ഓഗസ്റ്റ് 21 ലെ കണക്കുകള്‍ പ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,818 ആയിരുന്നു.
ആ തിയതി മുതലിങ്ങോട്ട് 16 ദിവസത്തിനുള്ളില്‍ 80 ശതമാനം കേസുകളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ദല്‍ഹി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ന് രേഖപ്പെടുത്തിയ കേസുകളില്‍ ഭൂരിഭാഗം പേരും ഹോം ക്വാറന്റീനില്‍ കഴിയുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊവിഡ് പ്രതിരോധത്തിന്റെ രോഗലക്ഷണങ്ങളില്ലാത്തവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാനാണ് ദല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നത്. ഇതാവാം വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ന് ദല്‍ഹിയില്‍ 3256 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,91,449 ആയി ഉയര്‍ന്നിരിക്കുകയാണ്.
വിവിധ ആശുപത്രികളിലായി 20,909 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം 1,65,973 പേര്‍ രോഗമുക്തി നേടിയതായി ദല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക