ദൽഹിയിലെ വിഷവായു; പ്രതിദിനം 49 സിഗരറ്റ് വലിക്കുന്നതിന് തുല്യം
national news
ദൽഹിയിലെ വിഷവായു; പ്രതിദിനം 49 സിഗരറ്റ് വലിക്കുന്നതിന് തുല്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 4:24 pm

ന്യൂദൽഹി: ഡൽഹിയിലെ വായൂ ഗുണനിലവാരം എ.ക്യു.ഐ 978 എന്ന അപകടകരമായ നിലയിലെത്തി. ഇതോടെ ദൽഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 49 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമെന്ന് വിദഗ്ധർ. ഒക്‌ടോബർ അവസാനം മുതൽ, ദൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം താഴ്ന്ന നിലയിലാവുകയും ഓരോ ദിവസം കഴിയുന്തോറും മോശമാവുകയും ചെയ്യുകയായിരുന്നു.

എ.ക്യു.ഐ കണക്കനുസരിച്ച് നവംബർ 18 ന് ഉച്ചയ്ക്ക് 12:30 വരെ ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക (AQI) 978 ആയി . ഇത് പ്രതിദിനം 49.02 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണ്.

ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് ഭയാനകമായ രീതിയിൽ വർധിച്ചിട്ടും ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജി.ആർ.എ.പി) സ്റ്റേജ് 4 നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതിന് എ.എപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

ദൽഹിയിലെ വായു ഗുണനിലവാരം മോശമായതിനാൽ, 10 , 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓൺലൈൻ മോഡിലേക്ക് മാറ്റുമെന്ന് പ്രഖ്യാപനവുമായി സർക്കാർ എത്തിയിരുന്നു. ‘മലിനീകരണ തോത് ഉയരുന്നതിനാൽ, ദൽഹിയിലെ എല്ലാ സ്‌കൂളുകളും കൂടുതൽ നിർദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറും,’ ദൽഹി മുഖ്യമന്ത്രി അതിഷി എക്‌സിൽ കുറിച്ചു.

ദൽഹി-എൻ.സിആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജി.ആർ.എ.പി) സ്റ്റേജ് 3 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രൈമറി ക്ലാസുകൾ ഓൺലൈനായി മാറ്റാനുള്ള തീരുമാനം.

അതേസമയം, ദൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) പ്രവൃത്തിദിവസങ്ങളിൽ 20 അധിക യാത്രകൾ പ്രഖ്യാപിച്ചു. മലിനീകരണം മൂലം നഗരം ശ്വാസം മുട്ടുന്നതിനാൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ദൽഹി മെട്രോ ഇപ്പോൾ പ്രവൃത്തിദിവസങ്ങളിൽ മൊത്തം 60 അധിക ട്രിപ്പുകൾ നടത്തും.

 

Content Highlight: Delhi’s toxic air equals smoking 49 cigarettes a day as AQI hits an alarming 978