ന്യൂദൽഹി: ദൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്ന് വരെ നീട്ടി. ദൽഹി റൗസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്.
തനിക്കെതിരെ ആരോപണം ഇല്ലെന്നും ഒരു കോടതിയും തന്നെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും കെജ്‌രിവാള്‍ കോടതിയില്‍ വാദിച്ചു. തന്റെ പേര് പറയാന്‍ കേസിലെ പ്രതികളെ ഇ.ഡി നിര്‍ബന്ധിച്ചെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ അംഗീകാരവും നിയമാനുസൃതം നേടിയാണ് മദ്യനയം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘ആം ആദ്മിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതി ആണ്,’ കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കെജ്‌രിവാളിന്റെ വാദങ്ങള്‍ ഇ.ഡി കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. കെജ്‌രിവാള്‍ അഴിമതി പണമായി 100 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇ.ഡി കോടതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രി നിയമത്തിന് അതീതനല്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക നിയമമില്ലെന്നും ഇ.ഡി വ്യക്തമാക്കി.
ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അരവിന്ദ് കെജ്‌രിവാളിനെ ദല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.
കെജ്‌രിവാളിനെ വീണ്ടും ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ.ഡി കോടതിയില്‍ അപേക്ഷിച്ചത്. കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.