| Monday, 19th April 2021, 1:48 pm

'ഇങ്ങനെ പോയാല്‍ ദല്‍ഹിയിലെ ആരോഗ്യസംവിധാനങ്ങള്‍ തകിടം മറിയും'; രോഗവ്യാപന തീവ്രത തുറന്ന് പറഞ്ഞ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ ദല്‍ഹിയിലെ ആരോഗ്യ സംവിധാനമാകെ തകിടം മറിയുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് രോഗികളുടെ വന്‍ വര്‍ധനവാണ് ദല്‍ഹിയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പ്രതിദിനം 25000 പേരാണ് ദല്‍ഹിയില്‍ രോഗ ബാധിതരായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏതൊരു ആരോഗ്യസംവിധാനത്തെയും മോശമായി ബാധിക്കുന്ന അവസ്ഥയാണ്. നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് ദല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങള്‍ കടന്നുപോകുന്നത്,’ കെജ്‌രിവാള്‍ പറഞ്ഞു.

കൊവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ദല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടുത്ത തിങ്കള്‍ രാവിലെ വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക.

എല്ലാ സ്വകാര്യ ഓഫീസുകളും വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ തുറക്കുകയുള്ളൂവെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച, ദല്‍ഹിയില്‍ റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 25,462 പുതിയ കേസുകളും 30 ശതമാനം പോസിറ്റീവ് നിരക്കുമാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. നേരത്തെ ദല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Delhi’s Health System Will Ruined If Patients Rise Says Aravind Kejriwal

We use cookies to give you the best possible experience. Learn more