| Sunday, 25th April 2021, 8:08 am

അര്‍ദ്ധരാത്രിയിലും ഓക്‌സിജന് വേണ്ടി അഭ്യര്‍ത്ഥിച്ച് ദല്‍ഹിയിലെ ആശുപത്രികള്‍; പരിഹരിക്കപ്പെടാതെ ഓക്‌സിജന്‍ ക്ഷാമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ അപകടകരമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ശ്രീ ഗംഗാറാം ഹോസ്പിറ്റല്‍ രംഗത്തെത്തിയിരുന്നു. അര്‍ദ്ധരാത്രിയോടെയായിരുന്നു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി രംഗത്തെത്തിയത്.

ഓക്‌സിജന്‍ ലഭ്യമല്ലാത്തതുമൂലം നൂറോളം രോഗികളുടെ അവസ്ഥ ഗുരുതരമാണെന്നായിരുന്നു ആശുപത്രി അറിയിച്ചത്. 500 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ മാത്രമെ ബാക്കിയുള്ളുവെന്നും ഇത് തീര്‍ന്നുകഴിഞ്ഞാല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകുമെന്നും ആശുപത്രി വ്യക്തമാക്കി.

നേരത്തെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം ആശുപത്രി.

രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഓക്സിജന്‍ എത്തിക്കണമെന്ന് നേരത്തെ തന്നെ മെഡിക്കല്‍ ഡയരക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക ദല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഓക്‌സിജന്‍ ഒട്ടും ഇല്ലാത്ത ആറ് സ്വകാര്യ ആശുപത്രികളുടെയും ക്ഷാമം നേരിടുന്ന മറ്റു ആശുപത്രികളുടെയും പട്ടികയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത്.

ദല്‍ഹിയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പട്ടിക പുറത്ത് വിട്ടത്.

സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി, ശാന്തി മുകുന്ദ് ആശുപത്രി, തിരത്ത് റാം ഷാ ആശുപത്രി, യു.കെ നഴ്‌സിംഗ് ഹോം, രാതി ആശുപത്രി, ശാന്തം ആശുപത്രി എന്നീ ആശുപത്രികളിലാണ് കരുതി വെച്ച ഓക്‌സിജനും തീര്‍ന്നതായി അറിയിച്ചത്.

സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയും ശാന്തി മുകുന്ദ് ആശുപത്രിയും ഓക്‌സിജന്‍ തീരാറായെന്ന് അറിയിച്ചിരുന്നു. സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി ഓക്‌സിജന്‍ ക്ഷാമം നികത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Delhi’s Ganga Ram Hospital says only 45 minutes of oxygen left, lives of over 100 patients at risk

We use cookies to give you the best possible experience. Learn more