ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതികരണവുമായി ദല്‍ഹിയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥികള്‍. ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്ന് സൗത്ത് ദല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയായ രാജന്‍ സിങ് പറഞ്ഞു.
325 വോട്ടുകള്‍ മാത്രമാണ് ട്രാന്‍സ് വുമണ്‍ ആയ രാജന്‍ സിങ്ങിന് ലഭിച്ചത്. മഹത്തായ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദല്‍ഹിയിലെ ക്വിയര്‍ സമൂഹം പ്രതികരിച്ചു. അതിലേറെ അഭിമാനം തോന്നുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അവസരം ലഭിച്ചതില്‍ രാജന്‍ സിങ് നന്ദിയറിക്കുകയും ചെയ്തു. ബി.ജെ.പിയുടെ രാംവീര്‍ സിങ് ബിധുരി, ആംആദ്മി പാര്‍ട്ടിയുടെ സാഹിറാം തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് രാജന്‍ സിങ് മത്സരിച്ചത്.
അതേസമയം വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയില്‍ നിന്ന് മത്സരിച്ച നരേല സ്വദേശി പൂജയ്ക്ക് 509 വോട്ടുകള്‍ ലഭിച്ചു. തങ്ങള്‍ സമീപഭാവിയില്‍ തെരഞ്ഞെടുക്കപ്പെടുമെന്നും എം.പിയായിട്ടല്ലെങ്കില്‍ എം.എല്‍.എയായി എന്ന് പൂജ പ്രതികരിച്ചു.
‘ഞാന്‍ ആദ്യമായി പങ്കെടുത്തതിനാല്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് എനിക്ക് ഒരു അനുഭവമായിരുന്നു. എന്റെ പ്രദേശവാസികള്‍ എന്നെ പിന്തുണച്ചു. ഈ പോരാട്ടം ഇവിടെ തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്നു. അതിനായി എനിക്ക് ആവശ്യമുള്ള വോട്ടും ലഭിച്ചു,’ പൂജ പറഞ്ഞു.
തെരഞ്ഞടുപ്പില്‍ തങ്ങളുടെ പങ്കാളിത്തത്തിന് മാത്രമാണ് ഊന്നല്‍ നല്‍കിയതെന്നും ഇരുവരും പ്രതികരിച്ചു. ജോലി കണ്ടെത്തുക എന്നതാണ് ഭാവിയിലെ പ്രധാനപ്പെട്ട ലക്ഷ്യമെന്ന് പൂജ പറഞ്ഞു.
ദല്‍ഹിയിലെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 2019ല്‍ 669 മാത്രമായിരുന്നു. എന്നാല്‍ 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ അത് 1,228 ആയി വര്‍ധിച്ചു. സൗത്ത് ദല്‍ഹിയില്‍ മാത്രമായി 336 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 2019ല്‍ ഇത് 130 ആയിരുന്നു,
Content Highlight: Delhi’s first transgender candidates react after the Lok Sabha elections are over