ന്യൂദൽഹി: ദൽഹിയിൽ 15 വർഷത്തിനിടെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങി കൊല്ലപ്പെട്ടത് 75 പേർ. എന്നാൽ ഇതുവരെയും ശിക്ഷ വിധിച്ചത് ഒരു കേസിൽ മാത്രം. ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ട കണക്കുകളാണിത് പറയുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടെ ദൽഹിയിൽ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ 94 പേരാണ് മരിച്ചത്. എന്നാൽ രേഖകളിൽ കാണിക്കുന്നത് 75 മരണങ്ങളാണ്. ഇതിൽ തന്നെ , ഒരു കേസിൽ മാത്രമാണ് ഇരകൾക്ക് കോടതിയിൽ നീതി ലഭിച്ചിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ) ഇന്ത്യൻ എക്സ്പ്രസ്സ് ശേഖരിച്ച വിവരങ്ങളിലാണിത് വ്യക്തമാക്കുന്നത്.
75 മരണങ്ങളിൽ, 2009 ന് ശേഷമുള്ള ഒരേയൊരു കേസിൽ മാത്രമാണ് ശിക്ഷ വിധി ഉണ്ടായത്. അതിൽ ഒരു സൈറ്റ് സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇരയ്ക്ക് ഓക്സിജൻ മാസ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും നൽകാത്തതിന് സൈറ്റ് സൂപ്പർവൈസർ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടു.
രേഖകൾ പ്രകാരം, ഉദ്യോഗസ്ഥരും സാക്ഷികളും ഹിയറിംഗിന് ഹാജരാകാത്തത് മുതൽ മതിയായ ജീവനക്കാരുടെ അഭാവം വരെയുള്ള കാരണങ്ങളാൽ ബാക്കിയുള്ള കേസുകളിൽ പലതും ഡൽഹിയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്. കുറഞ്ഞത് മൂന്ന് കേസുകളിലെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
കുറഞ്ഞത് അഞ്ച് കേസുകളിലെങ്കിലും, സാക്ഷികളോ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയിൽ പതിവായി ഹാജരാകുന്നതിൽ പരാജയപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പിന്നെ പൊലീസ് ഇതുവരെ അന്വേഷണം പൂർത്തിയാക്കാത്തതും കുറ്റപത്രം സമർപ്പിക്കാത്തതുമായ അഞ്ച് കേസുകളെങ്കിലും ഉണ്ട്.
മറ്റ് ചില കേസുകളിൽ, ജീവനക്കാരുടെ അഭാവം മൂലം വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു.
ഡിസംബർ ആറ് 2009 ന് ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ രാജേഷ് മെഹ്തോയെ പട്‌പർഗഞ്ചിലെ ദൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ & ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ അഴുക്കുചാലിലെ മാലിന്യം നീക്കം ചെയ്യാൻ ഒരു സ്വകാര്യ സ്ഥാപനം വിളിച്ചു.
എന്നാൽ അഴുക്കുചാലിലെ വിഷവാതകം ശ്വസിച്ച് മെഹ്തോ മരിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താനായില്ലെന്ന് കാണിച്ച് പൊലീസ് പിന്നീട് ‘അൺട്രേസ്ഡ് റിപ്പോർട്ട്’ ഫയൽ ചെയ്തു.
‘അഴുക്കുചാലുകൾ വൃത്തിയാക്കാൻ ആളുകളെ നിയോഗിക്കുന്നവർ ശിക്ഷാനടപടികളില്ലാതെ രക്ഷപ്പെടുകയാണ്. ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്,’ മലിനജല മരണങ്ങളും തോട്ടിപ്പണിയും കൈകാര്യം ചെയ്യുന്ന സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിൻ്റെ ബോഡിയായ നാഷണൽ കമ്മീഷൻ ഫോർ സഫായി കരംചാരിസിൻ്റെ (NCSK) ചെയർപേഴ്‌സൺ എം. വെങ്കിടേശൻ പറഞ്ഞു.
Content Highlight: Delhi’s dirty secret: For 75 sewer deaths over 15 years, only one conviction