| Friday, 25th October 2024, 2:46 pm

ദല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യം പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യം പരിഗണിക്കുന്നത് വേഗത്തിലാക്കാന്‍ ദല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തന്റെ ജാമ്യാപേക്ഷ ഉടന്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഷര്‍ജീല്‍ ഇമാം സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

ജാമ്യാപേക്ഷയ്ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും കഴിയുന്ന അത്രയും വേഗത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ സുപ്രീം കോടതിയെ എന്തിനാണ് സമീപിക്കുന്നതെന്ന് കോടതി ആദ്യം ചോദിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ജാമ്യാപേക്ഷ വേഗത്തിലാക്കാന്‍ ഇളവുകളൊന്നും നല്‍കുന്നില്ലെന്നും ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സി നിയമത്തിലെ സെക്ഷന്‍ 21 (2) പ്രകാരം മൂന്ന് മാസത്തിനകം ഹൈക്കോടതി അപ്പീല്‍ തീര്‍പ്പാക്കണമെന്ന ഉത്തരവുണ്ടെന്നും ദവെ ചൂണ്ടിക്കാട്ടി. എന്നാല്‍ 2022 ഏപ്രില്‍ 29ന് ഫയല്‍ ചെയ്‌തെങ്കിലും 64 തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചുവെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റായ ഷര്‍ജില്‍ ഇമാമിന്റെ ജാമ്യാപേക്ഷ നവംബര്‍ 25ന് പരിഗണിക്കാമെന്ന് നേരത്തെ ദല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നു.

2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ നിരവധി കേസുകള്‍ എടുത്തിരുന്നു. ദല്‍ഹി കലാപത്തിന് പിന്നിലുള്ള ഗൂഢാലോചനയില്‍ ഷര്‍ജീല്‍ ഇമാമിന് പങ്കുണ്ടെന്ന് കാണിച്ചായിരുന്നു ഇമാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ജാമിയ മില്ലിയ സര്‍വകലാശാലയിലും അലിഖഢ് സര്‍വകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ഷര്‍ജീല്‍ ഇമാമിനെതിരെയുളള കേസ്. ഇതില്‍ ദല്‍ഹി ഹൈക്കോടതി ഷാര്‍ജീലിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ കൂടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീല്‍ ഇമാമിന് ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളു.

2019ല്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളാണ് ദല്‍ഹിയെ കലാപത്തിലേക്ക് നയിച്ചതെന്ന് ഷര്‍ജീലിനെതിരെയുള്ള കുറ്റപത്രം. അതേസമയം ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള തെളിവുകള്‍ അദ്ദേഹം കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

ദല്‍ഹി കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

കേസുമായി ബന്ധപ്പെട്ട് 2020മുതല്‍ ഷര്‍ജീല്‍ ഇമാം ജയിലിലാണ്. 2019 ഡിസംബര്‍ 15ന് പൗരത്വഭേദഗതിക്കെതിരെ ജാമിയ നഗര്‍ പ്രദേശത്ത് സമരം ചെയ്ത് വാഹനങ്ങള്‍ കേട് വരുത്തിയെന്നും ഗതാഗതം തടസപ്പെടുത്തിയെന്നുമാണ് എന്‍.എഫ്.സി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോപിക്കുന്നത്.

Content Highlight: Delhi riots; Supreme Court to speed up Sharjeel Imam’s bail application

We use cookies to give you the best possible experience. Learn more