ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിങ്ങളുടെ മേല്‍ പൊലീസ് ക്രിമിനല്‍ കേസുകള്‍ കെട്ടിവെച്ചെന്ന അഭിഭാഷകന്റെ വാദത്തെ വിമര്‍ശിച്ച് ദല്‍ഹി കോടതി. കലാപക്കേസില്‍ വര്‍ഗീയതയുടെ ഛായം പൂശരുതെന്നായിരുന്നു കോടതി പറഞ്ഞത്.
വടക്കു കിഴക്കന്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടെ മേല്‍ മാത്രം പൊലീസ് ക്രിമിനല്‍ കേസുകള്‍ കെട്ടിവെക്കുകയാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്.
കലാപക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു മുസ്‌ലിങ്ങളെ മാത്രം പൊലീസ് ലക്ഷ്യമിട്ടെന്നും വ്യാജ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയെന്നും അഭിഭാഷകന്‍ പറഞ്ഞത്.
എന്നാല്‍ ഈ വാദത്തിനെതിരെ കോടതി രംഗത്തെത്തുകയായിരുന്നു. അഭിഭാഷകന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും തീര്‍ത്തും തെറ്റാണമെന്നുമായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് പറഞ്ഞത്.
കുറ്റപത്രം മുന്‍ സെഷന്‍സ് ജഡ്ജി വിശദമായി പരിശോധിച്ചതാണെന്നും കേസിലെ എല്ലാ പ്രതികള്‍ക്കെതിരേയും കുറ്റപത്രം ചുമത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പിഴവുസംഭവിച്ചിട്ടുണ്ടെന്ന അഭിഭാഷകന്റെ വാദം തെറ്റാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കലാപകേസില്‍ രണ്ട് സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരേയും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും സാമുദായിക അടിസ്ഥാനത്തിലല്ല പൊലീസ് ജോലി ചെയ്തതെന്നുമായിരുന്നു കോടതി പറഞ്ഞത്.
കേസുകളുടെ അന്വേഷണത്തില്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാം. പക്ഷെ ആ വീഴ്ച്ചകള്‍ കൊണ്ട് അന്വേഷണം കൃത്യമല്ലെന്നും വര്‍ഗീയപരമാണെന്നും പറയാന്‍ പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം കലാപ കേസുകളുടെ അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്ജിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ദല്‍ഹി കലാപക്കേസില്‍ പൊലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്നായിരുന്നു ജഡ്ജി വിനോദ് യാദവ് ചൂണ്ടിക്കാട്ടിയത്.
പൊലീസുകാരനായ ഒരു സാക്ഷി പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പൊലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് പറഞ്ഞിരുന്നു. പൊലീസുകാരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2020 ഫെബ്രുവരിയിലാണ് ദല്‍ഹിയില്‍ 53 പേരുടെ മരണത്തിനിടയാക്കിയ കലാപം നടക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം