| Saturday, 29th February 2020, 11:15 am

ജയ്ശ്രീറാം വിളിച്ച് അക്രമികളെത്തിയപ്പോള്‍ ബുള്ളെറ്റില്‍ പാഞ്ഞെത്തി മൊഹീന്ദര്‍ സിങും മകനും രക്ഷപ്പെടുത്തിയത് 80 മുസ്‌ലിങ്ങളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ പൊട്ടിപുറപ്പെട്ട കലാപത്തില്‍ നടുക്കം മാറാതെ രാജ്യം നില്‍ക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ മുഖമായി മൊഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങും.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗോകുല്‍പുരിയെ കലാപകാരികള്‍ വളഞ്ഞപ്പോള്‍ മുസ്‌ലിം കുടുംബങ്ങളെ ഇരുചക്രവാഹനത്തില്‍ കയറ്റി മാറ്റി പാര്‍പ്പിക്കുകയായിരുന്നു മൊഹീന്ദര്‍ സിങും മകനും. 20 തവണയോളമാണ് ഇരുവരും ഗോകുല്‍പുരിയിലെ മുസ്‌ലിം കുടുംബങ്ങളെ രക്ഷിക്കാനായി ബുള്ളറ്റിലും സ്‌കൂട്ടറിലും പാഞ്ഞെത്തിയത്. അക്രമം ഭയന്ന് പലരും സഹായിക്കാന്‍ മടിച്ച് നിന്നപ്പോള്‍ ഈ അച്ഛനും മകനും ചേര്‍ന്ന് രക്ഷിച്ചത് 80ല്‍ അധികം പേരെയാണ്

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”ജയ്ശ്രീറാം വിളിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുമാണ് കലാപകാരികള്‍ എത്തിയത്. ഇവര്‍ ഗോകുല്‍പുരി വളഞ്ഞപ്പോള്‍ പരിഭ്രാന്തരായ മുസ്‌ലിം സഹോദരന്മാര്‍ സമീപത്തെ പള്ളിക്ക് സമീപം തടിച്ചു കൂടുകയായിരുന്നു. പെട്ടെന്ന് ഗോകുല്‍പുരിയില്‍ നിന്ന് രക്ഷപ്പെടണമെന്ന തീരുമാനം എടുത്തതും ഇവിടെ നിന്നായിരുന്നു”.

മൊഹീന്ദര്‍ സിങ് പറഞ്ഞു.

ചില മുസ്‌ലിം യുവാക്കളെ കലാപകാരിളില്‍ നിന്ന് ഇവര്‍ രക്ഷപ്പെടുത്തിയത് സിഖ് തലപ്പാവുകള്‍ അണിയിച്ചാണ്. മൊഹീന്ദര്‍ സിങും മകനും രക്ഷപ്പെടുത്തിയവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ദല്‍ഹിയില്‍ ഇലക്ട്രോണിക്‌സ്‌ കട നടത്തുകയാണ് 55 കാരനായ മൊഹീന്ദര്‍ സിങ്. കലാപം പൊട്ടിപുറപ്പെട്ട രാത്രിയില്‍ ഹിന്ദുവിനെയോ മുസ്‌ലിമിനെയോ കണ്ടില്ല മനുഷ്യരെ മാത്രമാണ് കണ്ടതെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി സംഘര്‍ഷം 1984ലെ സിഖ് കലാപത്തെ ഓർമപ്പെടുത്തി അദ്ദേഹം പറഞ്ഞു. കലാപം വലിയ മുറിവുകളാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദല്‍ഹി കലാപത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ് നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more