ന്യൂദല്‍ഹി: 2020ലെ ദല്‍ഹി കലാപത്തില്‍ മുസ്‌ലിം പള്ളിയും ഖുര്‍ആനും കത്തിച്ച കേസില്‍ അഞ്ച് പേര്‍ക്കെതിരെ കുറ്റം ചുമത്തി ദല്‍ഹി കോടതി. ദല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ പുലസ്ത്യ പ്രമചല ആണ് അങ്കിത്, സൗരഭ് ശര്‍മ, രോഹിത്. രീഹുല്‍ കുമാര്‍, സച്ചിന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയത്.
കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. കലാപസമയത്ത് പ്രതികള്‍ ഷഹിദ് ഭഗത് സിങ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന അള്ളാഹ് വാലി മസ്ജിദ് കത്തിച്ചുവെന്ന മുഹമ്മദ് ഇമ്രാന്റെ പരാതിയിലായിരുന്നു കേസെടുത്തത്.
മസ്ജിദിന്റെ പുറത്ത് ഒരു ശില്‍പം സ്ഥാപിച്ചതായും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.
മുസ്‌ലിം വിഭാഗങ്ങളുടെ പള്ളിയും വീടുകളും കത്തിക്കാന്‍ പ്രതിയായ രോഹിത് മറ്റുള്ളവരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. അങ്കിത് പള്ളിക്കുള്ളിലെ ലേഖനങ്ങള്‍ കത്തിക്കുകയും അതേസമയം സൗരഭ് പള്ളി കത്തിക്കാനുള്ള ശ്രമം നടത്തുകയുമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
‘ പ്രതികളെ തിരിച്ചറിയാന്‍ സി.സി.ടി.വി ഫൂട്ടേജുകള്‍ ഉപയോഗിച്ചു. ദൃക്‌സാക്ഷികളായ പൊലീസുകാരും പൊതുജനങ്ങളും പ്രതികളെ തിരിച്ചറിഞ്ഞതിനാല്‍ കേസ് നിലനില്‍ക്കുന്നതാണ്,’ കോടതി പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147, 148, 427, 435, 436, 149, 188, 450 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഞ്ച് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയത്.