| Wednesday, 23rd September 2020, 9:41 am

'ഷാഹീന്‍ ബാഗില്‍ സ്ത്രീകളെയെത്തിച്ചത് ദിവസക്കൂലിക്ക്'; എല്ലാം കലാപകാരികളുടെ ഗൂഢാലോചനയായിരുന്നെന്ന വാദവുമായി ദല്‍ഹി പൊലീസിന്റെ കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഷാഹീന്‍ ബാഗില്‍ ദിവസക്കൂലിക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകളെത്തിയതെന്ന് ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പൊലീസ്. കലാപത്തിലെ ഗൂഢാലോചനക്കാരാണ് ജാമിഅ മില്ലിയ സര്‍വ്വകലാശാലയ്ക്കടുത്ത് അണിനിരന്ന പ്രതിഷേധകാര്‍ക്ക് ദിവസക്കൂലി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് പൊലീസ് കക്കര്‍ഡൂമ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സമരത്തിന് മതേതര പര്യവേഷവും മാധ്യമശ്രദ്ധയും നല്‍കാന്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്നും പൊലീസ് പറയുന്നു. സ്ത്രീകളെ അണിനിരത്തുകവഴി ജെന്‍ഡര്‍ പ്രാതിനിധ്യം ഉറപ്പാക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ മറ്റൊരു ആരോപണം.

വാട്‌സ്ആപ്പ് ചാറ്റുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ്് കണ്ടെത്തലെന്നാണ് പൊലീസിന്റെ അവകാശവാദം.

‘കലാപകാരികള്‍’ ജാമിഅയും, ഷാഹീന്‍ബാഗും ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൗരത്വഭേദഗതി നിയമത്തില്‍ മുന്‍നിരയില്‍ നിന്ന സ്ത്രീകള്‍ സമരത്തിന് സാര്‍വത്രിക മുഖം നല്‍കാന്‍ സഹായിച്ചുവെന്നും പൊലീസ് അവകാശപ്പെടുന്നു.

ഡിസംബറില്‍ നടത്തിയ പ്രതിഷേധങ്ങളില്‍ പൂര്‍ണ വിജയം നേടാത്ത പ്രതിഷേധക്കാര്‍ പൗരസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും, പൊലീസിനെ നേരിടാനും സ്ത്രീകളെയും കുട്ടികളെയും മറയായി ഉപയോഗിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ ദല്‍ഹി പൊലീസ് പറഞ്ഞു.
തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരമൊരു പര്യവേഷം ആവശ്യമാണെന്ന് ‘ഗൂഢാലോചകര്‍’ കരുതിയെന്നാണ് പൊലീസിന്റെ വാദം.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. നേരത്തെ കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി അക്രമാസക്തമായ കലാപത്തിന് തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞുവെന്ന ദല്‍ഹി പൊലീസിന്റെ വാദം വിവാദത്തിലായിരുന്നു. അതേസമയം കുറ്റപത്രത്തില്‍ സഫൂറ സര്‍ഗാര്‍ കുറ്റുപതത്തില്‍ ഒപ്പുവെച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi riots chargesheet says women protestors paid daily wages used for gender cover

We use cookies to give you the best possible experience. Learn more