ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന് സുപ്രീം കോടതിയില്‍ സോളിസിറ്റർ ജനറല്‍ തുഷാര്‍ മേത്ത.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥി നേതാക്കളായ ആസിഫ് ഇക്ബാല്‍, പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവര്‍ക്ക് ദല്ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഈ വിധിക്കെതിരെ ദല്‍ഹി പൊലീസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതീവ ഗുരുതരമായ കേസാണിത്. അമേരിക്കന്‍ പ്രസിഡന്റ് ദല്‍ഹിയില്‍ ഉള്ള സമയത്താണ് ഈ കേസ് നടന്നത്.കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.
അതുകൊണ്ടാണ് കേസില്‍ യു.എ.പി.എ. ചുമത്തിയതെന്നും സോളിസിറ്റർ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേസില്‍ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും കോടതി നോട്ടീസ് അയച്ചു. ജാമ്യ വിധിക്ക് സ്റ്റേ നല്‍കിയിട്ടില്ലെങ്കിലും പരിശോധിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ജാമ്യം ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ ജയില്‍മോചിതരായത്. 2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്.
കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
ജാമിഅ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു ആസിഫ് ഇക്ബാല്‍. 2020 മെയിലാണ് ആസിഫിനെ ദല്‍ഹി പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുന്നത്. രണ്ടാളുടെ ജാമ്യത്തിലും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലുമാണ് മൂന്ന് പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.