| Wednesday, 16th September 2020, 5:59 pm

ദല്‍ഹി കലാപം: 15 പേര്‍ പ്രതിപ്പട്ടികയില്‍; 20000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 20000 പേജുള്ള കുറ്റപ്പത്രം തയ്യാറാക്കി ദല്‍ഹി പൊലീസ്. കലാപത്തിന് നേതൃത്വം നല്‍കിയെന്ന് സംശയിക്കുന്ന 15 പേരേ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ എല്ലാവരുടെയും പേരുകളും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ കലാപ സമയത്ത് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ജനജീവിതത്തിന് ഭീഷണിയാകുകയും ചെയ്തവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി.എന്‍.എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഐ.പി.സി ആയുധനിയമ വകുപ്പുകള്‍ എന്നിവയാണ് പ്രതി ചേര്‍ക്കപ്പെട്ട ഈ 15 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

അതേസമയം ദല്‍ഹി കലാപക്കേസ് കുറ്റപത്രത്തില്‍ ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവരുടെ പേരുകള്‍ അനുബന്ധ കുറ്റപ്പത്രത്തില്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, നടന്‍ പ്രകാശ് രാജ് തുടങ്ങി നിരവധി പേര്‍ ഉമറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയെ പോലെയുള്ളവര്‍ പുറത്തുനില്‍ക്കുമ്പോള്‍ ഉമര്‍ ഖാലിദിനെ പോലുള്ളവരെ അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ നടപടി വ്യക്തമാക്കുന്നത് ദല്‍ഹി കലാപാന്വേഷണത്തില്‍ പൊലീസ് കാണിക്കുന്ന വഞ്ചനാപരമായ സ്വഭാവമാണെന്ന് ദല്‍ഹി പൊലീസിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: delhi police charge sheet in delhi riot case

We use cookies to give you the best possible experience. Learn more