| Friday, 3rd September 2021, 3:44 pm

ദല്‍ഹി കലാപക്കേസില്‍ പൊലീസ് ജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയും കോടതിയെ കബളിപ്പിക്കുകയും ചെയ്തുവെന്ന് കോടതി; നാണമില്ലേയെന്ന് കേന്ദ്രത്തോട് മഹുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

കലാപക്കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന കോടതിയുടെ വിലയിരുത്തലിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.

ഇത് നാണക്കേടാണ് എന്നാണ് ആഭ്യന്തരമന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ട് മഹുവ പറഞ്ഞത്.

വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ ശരിയായ അന്വേഷണം നടത്താത്തത് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കുമെന്നാണ് ദല്‍ഹി ഹൈക്കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞത്.

കലാപത്തിനിടെ ചാന്ദ്ഭാഗ് പ്രദേശത്തെ കച്ചവടസ്ഥാപനം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്ത കേസില്‍ മുന്‍ എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലമിനെയും മറ്റു രണ്ടു പേരെയും കോടതി വിട്ടയക്കുകയും ചെയ്തു.

2020 ഫെബ്രുവരിയില്‍ കലാപ സമയത്ത് ഷാ ആലമും മറ്റു രണ്ടുപേരും ദല്‍ഹി ചാന്ദ് ബാഗ് ഭാഗത്തെ കട കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തുവെന്ന കേസില്‍ ഒരു കോണ്‍സ്റ്റബിളിനെ സാക്ഷിയായി ഹാജരാക്കിയത് ക്രൂരവും അലസവുമായ നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.

കേസ് ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതാണെന്നും കോടതിയെ കബളിപ്പിക്കുന്നതാണെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജായ വിനോദ് യാദവ് വിമര്‍ശിച്ചു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കുറ്റാരോപിതര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും സ്വതന്ത്ര ദൃക്സാക്ഷികളില്ലെന്നും ഗൂഢാലോചനക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായി അന്വേഷണം നടത്താന്‍ കഴിയാത്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും കോടതി വിമര്‍ശിച്ചു.

യഥാര്‍ഥ പ്രതികളെയോ ദൃക്സാക്ഷികളെയോ സാങ്കേതിക തെളിവുകളോ കണ്ടെത്താതെ പൊലിസ് കുറ്റപത്രം തയാറാക്കുകയായിരുന്നെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Delhi Riot, Mahua slams Central Government

We use cookies to give you the best possible experience. Learn more