| Saturday, 30th May 2020, 1:20 pm

ദല്‍ഹി കലാപന്വേഷണം അഥവാ ലോക്ക്‌ഡൗണ്‍ കാലത്തെ മുസ്‌ലിം വേട്ട

അഷ്ഫാഖ്‌

വടക്കു കിഴക്കന്‍ ദല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ വംശഹത്യക്ക് മൂന്ന് മാസം തികയുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഏകദേശം 1300ഓളം ആളുകളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ട 751 കേസുകളില്‍ ഭൂരിഭാഗത്തിലും മുസ്‌ലിങ്ങളാണ് പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

കേസന്വേഷണത്തെക്കുറിച്ചു പ്രതിഭാഗം അഭിഭാഷകര്‍ക്ക് പോലും വളരെ പരിമിതമായ അറിവാണ് ലഭ്യമായിട്ടുള്ളത്. കലാപസമയത്തു ലഭ്യമായ വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടു എന്ന പേരിലാണ് പലരെയും അറസ്റ്റ് ചെയ്തത് .

ദല്‍ഹി കലാപത്തിനിടയില്‍ മുഖത്ത് വെടിയേറ്റ്, ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആംബുലന്‍സ് തടയപ്പെട്ട് ക്രൂരമായി മര്‍ദിക്കപ്പെട്ട സൈദ് സുല്ഫികറിനെ കുറിച്ച് രണ്ടു മാസം മുന്നേ ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെടിയുണ്ട നീക്കം ചെയ്യാതെ ഡിസ്ചാര്‍ജ് ചെയ്ത സുല്ഫിക്കറിനെ പിന്നീടു ചില സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ ഒഖ്‌ലയിലെ അല്‍ ശിഫാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അവിടെ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെയാണ് സുള്‍ഫിക്കറിന്റെ ശരീരത്തില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തത്.

വാദിയെ പ്രതിയാക്കുന്ന ദല്‍ഹി സര്‍ക്കാരിന്റെ വിചിത്ര നയം കാരണം സുല്ഫിക്കറും കുടുംബവും ഇന്ന് പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയാണ്. കഴിഞ്ഞ മാസം 11ആം തിയതിയാണ് സുല്ഫികരിന്റെ സഹോദരന്‍ സൈദ് ഇഫ്തികാറിനെ കലാപത്തില്‍ പങ്കുണ്ട് എന്നാരോപിച്ച് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ബാബുര്പുറിലെ ഒരു ഫാന്‍സി ലൈറ്റ് കടയിലായിരുന്നു 25 വയസ്സുകാരനായ ഇഫ്തികാര്‍ ജോലി ചെയ്തിരുന്നത്. ‘ കലാപം നടന്ന മൂന്നു ദിവസവും അവന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. എനിക്ക് വെടിയേറ്റതിനു ശേഷം ബന്ധുക്കള്‍ എല്ലാവരും പരിഭ്രാന്തിയിലായിരുന്നു,” ഇഫ്തികാറിനെ കുറിച്ച് സുള്‍ഫികര്‍ പറഞ്ഞു.

ഏപ്രില്‍ 11ആം തിയതി വൈകുന്നേരം 6:45നു വടക്കുകിഴക്കന്‍ ദല്‍ഹിയിലെ നോര്‍ത്ത് ഗോണ്ട ചൌക്കില്‍ വെച്ചാണ് ഇഫ്തികാറിനെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. വിവരമറിഞ്ഞ സഹോദരി സബ ഇഫ്തികാറിനു കഴിക്കാനുള്ള ഭക്ഷണവുമായി ഭജന്പുര സ്റ്റേഷനിലെക്ക് പോയി. എന്നാല്‍ നേരം വൈകിയതിനാല്‍ ഇഫ്തികാറിനെ കാണാന്‍ പറ്റില്ലെന്നും പിറ്റേന്ന് രാവിലെ കാണാം എന്നും പറഞ്ഞു പൊലീസ് അവരെ മടക്കിയയച്ചു.

പിറ്റേന്ന് അതിരാവിലെ ഉമ്മയോടൊപ്പം സ്റ്റേഷനിലെത്തിയപ്പോയാണ് തന്റെ സഹോദരനെ മണ്ടോളി ജയിലിലേക്ക് മാറ്റിയതായി സബ അറിയുന്നത്. കേസിനെക്കുറിച്ച് കൂടുതലൊന്നും പറയാതെ പൊലീസ് സബയെ മടക്കിയയച്ചു.

”എന്തിനാണ് എന്റെ മകനെ അറസ്റ്റ് ചെയ്തത് എന്ന് ഞാനവരോട് ചോദിച്ചു. മകനെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ ലോക്‌ഡോണിന് ശേഷം മണ്ടോളി ജയിലില്‍ പോയി അന്വേഷിക്കു എന്ന് അവര്‍ പറഞ്ഞു .FIR ചോദിച്ചപ്പോള്‍ അവര്‍ ഞങ്ങളെ സ്റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടു,” ഇഫ്തികാറിന്റെ ഉമ്മ ഷാജഹ ബീഗം പറഞ്ഞു.

മാര്‍ച്ച് 5ആം തിയതി ഭജന്പുര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 165/20 എന്ന FIR പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148, 149, 323, 380, 436 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇഫ്തികാറിനെ അറസ്റ്റ് ചെയ്തത്. കലാപം അഴിച്ചുവിടുക എന്ന ഗുരുതരമായ ആരോപണമാണ് IPC 147. ഈ വകുപ്പ് പ്രകാരം രണ്ടു വര്ഷം വരെ തടവ് ലഭിക്കാം.

മാരകായുധമുപയോഗിച്ചു കലാപം നടത്തിയാലാണ് IPC 148 ചുമത്തുന്നത്. ഈ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാം. നിയമവിരുദ്ധമായി സംഘം ചെര്‍ന്നാലാണ് IPC 149 ചുമത്തുന്നത്. ആയുധമില്ലാതെ ആക്രമണം നടത്തിയാലാണ് IPC 323 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഭവനഭേദനത്തിനു ചുമത്തുന്ന IPC 380 പ്രകാരം ഏഴു വര്‍ഷം വരെ തടവ് ലഭിക്കാം. മനപൂര്‍വം വീടും കെട്ടിടവും കത്തിച്ചാലാണ് IPC 436 പ്രകാരം കേസ് ചാര്‍ജ് ചെയ്യുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.

അറസ്റ്റു നടന്നിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും ഇഫ്തികാറിന്റെ വീട്ടുകാര്‍ക്ക് FIR-ന്റെ കോപ്പി ലഭിച്ചിട്ടില്ല. ചട്ടപ്പ്രകാരം ഓണ്‍ലൈനിലും FIR അപ്ലോഡ് ചെയ്യപ്പെട്ടിട്ടില്ല. കേസിനെക്കുറിച്ചുള്ള വിശദാംശങ്ങളെക്കുറിച്ചറിയാന്‍ ഭജന്‍പുര സ്‌റെഷനിലെക്ക് വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ലഭ്യമായ എഫ്.ഐ.ആര്‍ നമ്പര്‍ ഓണ്‍ലൈനില്‍ അടിച്ചു നോക്കിയെങ്കിലും റിസള്‍ട്ട് ഒന്നും ലഭിച്ചില്ല.

മുതിര്‍ന്ന അഭിഭാഷകനായ മെഹ്മൂദ് പ്രാചയാണ് ഇഫ്തികാറിനു വേണ്ടി കേസ് വാദിക്കുന്നത് എന്ന് ഇഫ്തികാറിന്റെ സഹോദരന്‍ സുള്‍ഫിക്കര്‍ പറഞ്ഞു. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ടു ഏകദേശം നൂറോളം കേസുകള്‍ അഡ്വക്കേറ്റ് പ്രാച വാദിക്കുന്നുണ്ട്. NRC-CAA പ്രക്ഷോഭത്തിനിടയില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു വേണ്ടി വാദിച്ചത് അഡ്വക്കേറ്റ് പ്രാച ആയിരുന്നു.

മെയ് 4ആം തിയതി വീഡിയോ കോണ്‍ഫറന്‍സിങ്ങിലുടെ ഹിയറിംഗ് നടന്നെങ്കിലും കോടതി ഇഫ്തികാറിനു ജാമ്യം നിഷേധിച്ചു.

”സമാനസ്വഭാവമുള്ള നൂറിലധികം കേസുകള്‍ ഞങ്ങള്‍ വാദിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നിന്നുള്ള 500 പേരെങ്കിലും അഴിക്കുള്ളിലാണ്. ദല്‍ഹിയില്‍ നടന്ന വംശഹത്യക്ക് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടായിരുന്നു. പൊലീസ് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതും അതേ ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ളതാണ്. പൂര്‍ണമായും കെട്ടിച്ചമച്ചതാണ് ഭൂരിഭാഗം കേസുകളും,” അഡ്വക്കേറ്റ് പ്രാചയുടെ ജൂനിയര്‍ ബഹദൂര്‍ അബ്ബാസ് പറഞ്ഞു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസിനെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹം പറഞ്ഞില്ല.

കലാപവേളയില്‍ തന്നെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനു സൈദ് സുള്‍ഫിക്കര്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ 14 ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നരേഷ് ത്യാഗി, സുഭാഷ് ത്യാഗി, ഉത്തം ത്യാഗി, ജയവീര്‍ എന്നിവരാണ് പ്രധാനികള്‍ എന്നും നരേഷ് ത്യാഗിയാണ് തന്നെ വെടിവെച്ചതെന്നും സുള്‍ഫിക്കര്‍ പറഞ്ഞിരുന്നു.

സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതിനു ദല്‍ഹി പോലീസിന്റെ ഒരു ബാലന്‍സിംഗ് നടപടിയാണ് തന്റെ സഹോദരന്റെ അറസ്റ്റ് എന്ന് സുള്‍ഫിക്കര്‍ ആരോപിച്ചു.

ദല്‍ഹി കലാപത്തിന്റെ ഇരകളെ സ്റ്റേഷനിലെക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്ന പൊലീസ് പല കേസിലും പരാതിക്കാരെ മാനസികമായി പീഡിപ്പിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കുടുംബക്കാരോട് പൊലീസ് വര്‍ഗീയച്ചുവയോടെ സംസാരിക്കുന്നു എന്ന് scroll.in നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

ലോക്ക്‌ഡോണ്‍ സാഹചര്യം കാരണം വീഡിയോ കോണ്‍ഫറന്‍സിലുടെ വാദം കേള്‍ക്കുന്ന കോടതി പല കേസുകളിലും പ്രതിഭാഗം വക്കീലന്മാര്‍ക്ക് അറിയിപ്പുകളൊന്നും കൊടുക്കുന്നില്ല എന്ന് scroll.in പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ട് ആരോപിക്കുന്നുണ്ട്. ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ പലര്‍ക്കും ജാമ്യം നിഷേധിക്കപ്പെടുകയാണ്.

ദല്‍ഹി കലാപത്തിനിരയായവര്‍ക്ക് വേണ്ടി വാദിക്കുന്ന നികിത ഖയ്തന്‍, മേനക ഖന്ന എന്നീ വക്കിലന്മാര്‍ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ലോക്ഡോണ്‍ വേളയില്‍ നടക്കുന്ന ഇത്തരം അറസ്റ്റുകള്‍ മൗലികാവകാശ ലംഘനം ആണ് എന്നാരോപിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് മുന്നേ ഇത്തരത്തിലുള്ള അന്യായമായ അറസ്റ്റുകള്‍ നടന്നാല്‍ വക്കീലന്മാര്‍ക്ക് എളുപ്പത്തില്‍ സ്റ്റേഷനിലെത്തുവാനും തങ്ങളുടെ കക്ഷികളെ പ്രതിനിധീകരിക്കുവാനും സാധിച്ചിരുന്നു.

എന്നാല്‍ തലസ്ഥാന നഗരിയിലെ കൊവിഡ് ഭീഷണികള്‍ കാരണം ഇന്ന പലര്‍ക്കും വീട്ടില്‍ നിന്ന് തന്നെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ദല്‍ഹി കോടതി ലോക്ക്‌ഡോണ്‍ പ്രമാണിച്ച് ഇറക്കിയ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യപെട്ട പ്രതികളെ കോടതിമുമ്പാകെ ഹാജരാക്കുന്നതിനു പകരം ജയില്‍ പരിസരങ്ങളിലായി ഒരുക്കിയ താല്‍ക്കാലിക കോടതികളിലാണ് ഹാജരാക്കുന്നത്. ഈ പ്രവൃത്തി കാരണം പല വക്കീലന്മാര്‍ക്കും തങ്ങളുടെ കക്ഷികള്‍ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ല.

സുപ്രീം കോടതി പുറത്തുവിട്ട ഓര്‍ഡര്‍ പ്രകാരം വിചാരണത്തടവുകാരുടെ കസ്റ്റഡി നീട്ടണമെങ്കില്‍ ഓരോ 14 ദിവസം കൂടുമ്പോഴും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഹിയറിംഗ് എങ്കിലും നടന്നിരിക്കണം. എന്നാല്‍ ദല്‍ഹി ജില്ലാ കോടതിയുടെ തീരുമാന പ്രകാരം ജയിലുകള്‍ സന്ദര്‍ശിക്കുന്ന മജിസ്‌ട്രേറ്റിനു ഏകപക്ഷീയമായി കസ്റ്റടി നീട്ടാനുള്ള അധികാരമുണ്ട്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ടു ഫയല്‍ ചെയ്യപ്പെട്ട ഏകദേശം 40 ഓളം എഫ്.ഐ.ആറുകള്‍ പരിശോധിച്ച പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (PUDR) എന്ന സംഘടന പൊലീസിന്റെ മുസ്‌ലിം വിരുദ്ധതയെയും അന്വേഷണം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെയും ചൂണ്ടിക്കാട്ടിയിരുന്നു. പല കേസുകളിലും പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിക്കുകയാണ്.

പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ പലരും പൊലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി എന്നും പരാതി രേഖപ്പെടുത്തിയ പലരേയും പോലീസ് ഭീഷണിപ്പെടുത്തി എന്നും PUDR ആരോപിച്ചു. ഭവനഭേദനം, തീവെപ്പ്, വീട് കൊള്ളയടിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടു പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യമില്ലാത്ത വകുപ്പുകളെ എടുത്തുമാറ്റി പകരം ദുര്‍ബലമായ വകുപ്പുകളാണ് ചേര്‍ക്കുന്നത്.

വ്യത്യസ്തമായ കേസുകള്‍ക്ക് ഒരൊറ്റ എഫ്.ഐ.ആര്‍ എന്ന വിചിത്രമായ രീതിയും പൊലീസ് സ്വീകരിച്ചിരുന്നു. പല എഫ്.ഐ.ആറുകളിലും സാക്ഷികള്‍ ഉണ്ടായിട്ടും പരാതിക്കാരന്റെ സ്ഥാനത്ത് പൊലീസിന്റെ പേരാണുള്ളത്. പൊലീസിനെ പരാതിക്കാരനാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കലാപത്തിനു ഇരയായവര്‍ക്ക് കോടതി വ്യവഹാരത്തില്‍ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടും എന്ന് PUDR ആരോപിച്ചു. പരാതി നല്‍കിയ അതെ എഫ്.ഐ.ആറില്‍ പ്രതിചേര്‍ക്കപ്പെട്ടു അറസ്റ്റിലായവരും നിരവധിയാണ് .

ഫെബ്രുവരി 24നു തുടങ്ങി ഏകദേശം മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ 53 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 38 ആളുകളും മുസ്‌ലിങ്ങളാണ്. ഏകദേശം 500ഓളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 500 വാഹനങ്ങളും 92 വീടുകളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. 16 ലധികം പള്ളികളും രണ്ടു സ്‌കൂളുകളും കലാപകാരികള്‍ ആക്രമിച്ചിട്ടുണ്ട്.

ദല്‍ഹി ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഏകദേശം 25,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കലാപത്തില്‍ സര്‍വ്വവും നശിച്ച വടക്കു കിഴക്കന്‍ ദല്‍ഹിയിലെ മുസ്‌ലിങ്ങളാണ് പൊലീസിന്റെ തിരക്കഥ പ്രകാരം കലാപത്തിന്റെ ആസൂത്രകരായി മാറിയത്. മൂന്നു മാസം നീണ്ട പൊലീസ് അന്വേഷണത്തില്‍ 500 ലധികം മുസ്‌ലിം ചെറുപ്പക്കാരാണ് അറസ്റ്റിലായത്.

കലാപത്തില്‍ പങ്കുണ്ടെന്നാരോപിക്കപെട്ട BJP നേതാക്കളായ കപില്‍ മിശ്രയെയും, അനുരാഗ് താക്കുറിനെയും, രാഗിണി തിവാരിയെയും അറസ്റ്റു ചെയ്യാത്ത പൊലീസ് രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പിച്ചു കേസ് ഫയല്‍ ക്ലോസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

മേയ് 25നു പെരുന്നാള്‍ ദിനത്തില്‍ തന്റെ മകന് ഏറ്റവും ഇഷ്ടപെട്ട സേവയ്യയും ബിരിയാണിയുമായി ഷാജഹ ബീഗം മണ്ടോളി ജയില്‍ കവാടത്തിനു പുറത്തു കാത്തിരുന്നു. മകന്‍ ഇഫ്തികാറിനെ ഒരു നോക്ക് കാണാനും പെരുന്നാള്‍ ദിനം ജയിലാഘോഷിക്കാന്‍ വിധിക്കപ്പെട്ട അവനു തന്റെ സ്‌നേഹോപഹാരം നല്‍കുവാനും വേണ്ടിയാണ് ഈ ലോക്ക്‌ഡോണ്‍ വേളയില്‍ തന്റെ ആരോഗ്യസുരക്ഷ പോലും കണക്കിലെടുക്കാതെ ആ ഉമ്മ ജയിലിലെത്തിയത്.

എന്നാല്‍ തന്റെ മകനെ ഒരു നോക്ക് കാണാന്‍ ആ ഉമ്മാക്ക് അനുവാദം ലഭിച്ചില്ല. കൊറോണയെ പ്രതിരോധിക്കാന്‍ സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം ജയിലുകളില്‍ ബന്ധു സന്ദര്‍ശനം അനുവദനീയമല്ല എന്നതായിരുന്നു കാരണം. മനുഷ്യാവകാശ ലംഘനങ്ങള്‍ മാത്രം ശീലിച്ച ഒരു ഭരണകൂടത്തിനു പകര്‍ച്ചവ്യാധിയും നീതിനിഷേധത്തിന് വേണ്ടിയുള്ള നല്ല ഒരുപകരണമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഷ്ഫാഖ്‌

ഡല്‍ഹിയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more