ദല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത് 31 കേസുകള്‍
India
ദല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത് 31 കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th March 2020, 12:34 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ദല്‍ഹി സ്വദേശിയായ ഇദ്ദേഹം മലേഷ്യയിലേക്കും തായ്‌ലന്റിലേക്കും യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും നിരീക്ഷണത്തിലാണെന്നുമാണ് വിവരം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒത്തുകൂടലുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്.

ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. കേരളത്തിലായിരുന്നു മൂന്ന് പേര്‍ക്ക് ആദ്യമായി കൊറോണ സ്ഥീകരിച്ചത്. രണ്ട് പേര്‍ ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഹൈദരാബാദില്‍ ചികിത്സയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയ്ക്ക് പുറത്ത് 17 മടങ്ങ് വേഗത്തിലാണ് കൊറോണ പടര്‍ന്നു പിടിക്കുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി മന്ദഗതിയിലാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 143 പേര്‍ക്ക് കൊവിഡ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 30 പേരാണ് കഴിഞ്ഞ ദിവസം ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയില്‍ ഒടുവിലത്തെ കണക്കു പ്രകാരം 3042 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 80552 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

അതേസമയം അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. വാഷിംഗ്ടണിലെ ഒരാള്‍ കൂടിയാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. മരിച്ചവരില്‍ 11 പേരും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നുള്ളവരാണ്. ഒരാള്‍ കാലിഫോര്‍ണിയയില്‍ നിന്നും.
129 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ ദക്ഷിണകൊറിയയില്‍ 518 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6284 ആയി. 42 പേരാണ് ദക്ഷിണകൊറിയയില്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ അധികവും പ്രായമേറിയവരാണ്.

ഫ്രാന്‍സില്‍ 423 കൊവിഡ് കേസുകളാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7 പേരാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സ് നാഷണല്‍ അസംബ്ലിയിലെ ഒരംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.