ദല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൃദദേഹം ഇന്ത്യയിലെത്തി
India
ദല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൃദദേഹം ഇന്ത്യയിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th December 2012, 6:01 am

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃദദേഹം ഇന്ത്യയിലെത്തിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് മൃദദേഹം ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃദദേഹം ഇന്ത്യയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും മൃദദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[]

ദല്‍ഹിയിലെത്തുന്ന മൃദദേഹം പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഉത്തര്‍പ്രദേശ് – ബിഹാര്‍ അതിര്‍ത്തിയിലാുള്ള പെണ്‍കുട്ടിയുടെ ഗ്രാമത്തിലാണ് സംസ്‌കാരം നടക്കുക.

ദല്‍ഹി വിമാനത്താവളത്തിലെത്തിയ മൃദദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും വിമാനത്താവളത്തിലെത്തി.

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണു തീരുമാനമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജ്യോതി (23) ശനിയാഴ്ച പുലര്‍ച്ചെ 2.15ന് ആണ് മരിച്ചത്. ഉത്തര്‍പ്രദേശ് ബലിയ ജില്ലയിലെ മേധ്വാര സ്വദേശിയാണ് ജ്യോതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരണസമയത്ത് സമീപത്തുണ്ടയിരുന്നു.

സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റിയത്. ശ്വാസകോശത്തിലും അടിവയറ്റിലും അണുബാധ വര്‍ധിച്ചതിനാല്‍ വെള്ളിയാഴ്ച തന്നെ ആരോഗ്യനില മോശമായിരുന്നു. സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെയുണ്ടായ ഹൃദയാഘാതവും അണുബാധയും മസ്തിഷ്‌കത്തിലെ മുറിവും സ്ഥിതി മോശമാകാന്‍ കാരണമായെന്നും മൗണ്ട് എലിസബത്ത് സി.ഇ.ഒ ഡോ. കെല്‍വിന്‍ ലോ പറഞ്ഞു.

ദല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ വെച്ച് പെണ്‍കുട്ടിക്ക് മൂന്ന് തവണ ഉദരശസ്ത്രക്രിയയും രണ്ട് തവണ ഹൃദയാഘാതവും സംഭവിച്ചിരുന്നു. യാത്ര ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല പെണ്‍കുട്ടിയെന്നും എന്നിട്ടും സര്‍ക്കാറിന്റെ മാത്രം തീരുമാനപ്രകാരം മാത്രമാണ് സിംഗപ്പൂരിലേക്ക് മാറ്റിയതെന്നും ദല്‍ഹിയിലെ ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച അതിരാവിലെ സിംഗപ്പൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും അണുബാധ രൂക്ഷമായതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 24 മണിക്കൂറായി പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ഡിസംബര്‍ പതിനാറാം തിയ്യതി ദല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ പുലര്‍ച്ചെ 1.15 നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്.

രാത്രി 11 മണിക്ക് ദല്‍ഹിയിലെ മുനിര്‍ക്കയില്‍ നിന്നും പലം എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. ഏതാണ്ട് പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ബസിലുണ്ടായിരുന്ന കുറച്ചാളുകള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി.

ഇത് തടഞ്ഞ സുഹൃത്തിനെ ഇവരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബസിന്റെ കാബിനിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാംത്സംഗം ചെയ്യുകയായിരുന്നു.

ഇതിന് ശേഷം പകുതി വസ്ത്രം അഴിച്ച് മാറ്റിയതിന് ശേഷം പെണ്‍കുട്ടിയേയും സുഹൃത്തിനേയും ബസില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

അതേസമയം കേസിന്റെ വിചാരണ അടുത്തമാസം മൂന്നിന് ആരംഭിക്കും. ജനുവരി മൂന്ന് മുതല്‍ എല്ലാ ദിവസവും വിചാരണ നടക്കും. ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതി സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സത്രീകള്‍ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ വളരെ കൂടുതലാണെന്നതിനാലാണ് അതിവേഗ കോടതി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

ദല്‍ഹിയില്‍ പെണ്‍കുട്ടിക്കുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പെണ്‍കുട്ടിക്ക് എത്രയും വേഗം നീതി നടപ്പാക്കണമെന്നും സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് തലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശത്തെ ക്ഷേത്രത്തില്‍ വിദ്യാര്‍ഥിനിയുടെ ആത്മാവിന്റെ ശാന്തിക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയിരുന്നു.