നിര്‍ഭയക്കേസ്; മാനസിക പ്രശ്‌നമുണ്ട്, ചികിത്സ വേണമെന്ന ആവശ്യവുമായി പ്രതികളിലൊരാള്‍
national news
നിര്‍ഭയക്കേസ്; മാനസിക പ്രശ്‌നമുണ്ട്, ചികിത്സ വേണമെന്ന ആവശ്യവുമായി പ്രതികളിലൊരാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2020, 7:26 pm

ന്യൂദല്‍ഹി: നിര്‍ഭയ കൂട്ട ബലാംത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ പുതിയ ഹരജിയുമായി കോടതിയില്‍. തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ടാണ് വിനയ് ശര്‍മ ദല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഈസ്റ്റ് ദല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യൂമണ്‍ ബിഹേവിയര്‍ ആന്‍ഡ് അല്ലീഡ് സയന്‍സില്‍ നിന്നും ചികിത്സ തേടണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിനയ് ശര്‍മയുടെ അഭിഭാഷകനായ എ.പി സിംഗാണ് ഹരജി നല്‍കിയിരിക്കുന്നത്. നേരത്തെ പ്രതികള്‍ക്ക് കോടതി മരണവാറന്റ് പുറപ്പെടുവിച്ചപ്പോഴും എ.പി സിംഗ് സമാനമായ വാദം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിനയ് ശര്‍മയുടെ വധശിക്ഷയ്ക്ക് 12 ദിവസം ശേഷിക്കെയാണ് ഹരജി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വിനയ് ശര്‍മ ഉള്‍പ്പെടുന്ന നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്.

ഫെബ്രവരി 17 നാണ് ദല്‍ഹി കോടതി പ്രതികള്‍ക്ക് മരണ വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം നിര്‍ഭയാ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനായിരുന്നു പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിയാണ് വിചാരണ കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ഡിസംബര്‍ 16നായിരുന്നു 23 കാരിയായ പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.