ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി തള്ളി
Daily News
ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st December 2015, 11:24 am

supreme-court-01ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ ജുവനൈല്‍ കുറ്റവാളിയെ മോചിപ്പിച്ചതിനെതിരെ വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി തള്ളി. പ്രതിയെ മോചിപ്പിക്കുന്നത് തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

“ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ തടവ് നീട്ടേണ്ടത്? ” എന്നു ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി തള്ളുന്നതായി അറിയിച്ചത്.

വനിതാ കമ്മീഷന്റെ ഹര്‍ജി തള്ളിയ കോടതി പാര്‍ലമെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു. “ഏതെങ്കിലുമൊരു നിയമത്തിന്റെ അഭാവത്തില്‍ ഞങ്ങള്‍ക്ക് ഒരു വ്യക്തിയുടെ അവകാശം നിഷേധിക്കാനാവില്ല. അതിന് നിയമപരമായ അനുമതിയുണ്ടായിരിക്കണം” എന്നാണ് കോടതി പറഞ്ഞത്.

ദല്‍ഹിയില്‍ ജ്യോതി സിങ് എന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറ് പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. ഇതില്‍ ജുവനൈല്‍ കുറ്റവാളിക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ഇപ്പോള്‍ 20 വയസുള്ള കുറ്റവാളിയെ ശിക്ഷാകാലവധി കഴിഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച മോചിപ്പിച്ചിരുന്നു.

ഇയാളെ മോചിപ്പിക്കരുത് എന്നാവശ്യപ്പെട്ടാണ് വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വനിതാ കമ്മീഷനു പുറമേ ജ്യോതി സിങ്ങിന്റെ മാതാപിതാക്കളും കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

ശനിയാഴ്ച അര്‍ധരാത്രിയാണ് ദല്‍ഹി വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.