| Friday, 28th June 2024, 7:44 pm

'ഒരു ബോട്ട് ഉണ്ടായിരുന്നെങ്കില്‍ ലോക്‌സഭയില്‍ എത്താമായിരുന്നു'; ദൽഹിയിലെ കനത്ത മഴയിൽ ശശി തരൂരിന്റെ വസതിയിൽ വെള്ളം കയറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കനത്ത മഴയില്‍ ദല്‍ഹിയിലെ തന്റെ വസതിയില്‍ വെള്ളം കയറിയെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വെള്ളം കയറിയതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വീടിന് ചുറ്റും വെള്ളം കയറിയതിന്റെ ദൃശ്യങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെങ്കില്‍ ബോട്ടില്‍ പോകേണ്ടി വരുമെന്നും എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

‘വീടിനകത്ത് വെള്ളം കയറിയത് കണ്ടുകൊണ്ടാണ് ഞാന്‍ രാവിലെ ഉറങ്ങി എഴുന്നേറ്റത്. വീട്ടിലെ എല്ലാ മുറികളിലും വെള്ളം കയറി. ഫര്‍ണിച്ചറുകളെല്ലാം വെള്ളത്തില്‍ മുങ്ങി നശിച്ചു. വെള്ളത്തിന് ഒഴുകി പോകാന്‍ ഇടമില്ലാത്തത് കൊണ്ടാണ് ഇത്തരമൊരു വെള്ളക്കെട്ട് ഉണ്ടായത്,’ ശശി തരൂര്‍ പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് ദല്‍ഹിയിലാകെ രൂക്ഷമായ വെള്ളക്കെട്ടാണ് വെള്ളിയാഴ്ച ഉണ്ടായത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറുകയും വാഹനങ്ങള്‍ മുങ്ങുകയും ചെയ്തു. വെള്ളക്കെട്ട് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി.

വ്യാഴാഴ്ച മുതല്‍ ദല്‍ഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ് തുടരുന്നത്. അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

ദല്‍ഹിയിലാകെ 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 16 വര്‍ഷത്തിനിടയില്‍ ദല്‍ഹിയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണിത്. അടുത്ത ഏഴ് ദിവസം ശക്തമായ കാറ്റും മഴയും തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Content Highlight: Delhi rains flood Shashi Tharoor’s home: ‘Need boat to reach Lok Sabha’

We use cookies to give you the best possible experience. Learn more