സ്വാതന്ത്ര്യ ദിനത്തില്‍ പതാകയുയര്‍ത്താന്‍ അതിഷിക്ക് അനുമതിയില്ല; കത്ത് കിട്ടിയില്ലെന്ന് ലഫ്. ഗവര്‍ണര്‍
national news
സ്വാതന്ത്ര്യ ദിനത്തില്‍ പതാകയുയര്‍ത്താന്‍ അതിഷിക്ക് അനുമതിയില്ല; കത്ത് കിട്ടിയില്ലെന്ന് ലഫ്. ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2024, 8:10 pm

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ ദല്‍ഹി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അതിഷിക്ക് അനുമതിയില്ലെന്ന് ദല്‍ഹി പൊതു ഭരണവകുപ്പ്.

അതിഷിക്ക് പതാക ഉയര്‍ത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യാന്‍ പൊതു ഭരണ വകുപ്പ് മന്ത്രി ഗോപാല്‍ റോയ് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് പതാക ഉയര്‍ത്താന്‍ കാബിനറ്റ് മന്ത്രിയായ അതിഷി യോഗ്യയല്ല എന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചത്.

സ്വാതന്ത്ര്യദിനത്തില്‍ കാബിനറ്റ് മന്ത്രിയായ അതിഷിക്ക് പതാക ഉയര്‍ത്താമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിര്‍ദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കത്തിന് നിയമപരമായി സാധുതയില്ലെന്നും പതാക ഉയര്‍ത്താന്‍ അതിഷി അയോഗ്യയാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചത്.

കെജ്‌രിവാളിന് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അനുമതി ഇല്ലാത്തതിനാല്‍ എഴുതപ്പെട്ടതോ വാക്കാലുള്ളതോ ആയ നിര്‍ദേശങ്ങള്‍ക്ക് നിയമപരമായ സാധുതയില്ല.

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദേശീയ പരിപാടികള്‍ക്ക് ഭരണഘടനാപരമായ അന്തസ് ഉണ്ടെന്നുമാണ് പൊതു ഭരണ വകുപ്പ് മേധാവി നവിന്‍ കുമാര്‍ ചൗധരി അയച്ച കത്തില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ആര് പതാക ഉയര്‍ത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് സക്‌സേനയ്ക്ക് അയച്ച കത്തില്‍ തനിക്ക് പകരം അതിഷി പതാക ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അങ്ങനൊരു കത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.

കസ്റ്റഡിയിലുള്ള സമയത്ത് കത്ത് അയക്കുന്നത് പ്രിവിലേജുകളുടെ ദുരുപയോഗമാണെന്നതിനാല്‍ കത്ത് വിലാസക്കാരന് അയച്ചിട്ടില്ലെന്ന് ജയില്‍ അധികൃതരും വ്യക്തമാക്കി.

‘തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യമന്ത്രിയോ മന്ത്രിയോ ആണ് പതാക ഉയര്‍ത്തേണ്ടത്. ഇതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതുന്നില്ല. ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്ന് ഭരണഘടനാപരവും ജനാധിപത്യപരമായതൊന്നും പ്രതീക്ഷിക്കുന്നില്ല.

സ്വേച്ഛാധിപരമായ സമീപനം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു,’ എന്നാണ് മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ ഇക്കാര്യത്തില്‍ പി.ടി.ഐയോട് പ്രതികരിച്ചത്.

Content Highlight: Delhi Public Administration Department has denied permission to Delhi Education Minister Atishi to hoist the flag on Independence Day