'ഇത് ഇന്ത്യയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള യുദ്ധം'; മോദിയും അമിത് ഷായും എവിടെയെന്ന് സീതാറാം യെച്ചൂരി
CAA Protest
'ഇത് ഇന്ത്യയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള യുദ്ധം'; മോദിയും അമിത് ഷായും എവിടെയെന്ന് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2020, 12:23 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള യുദ്ധമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ പ്രതിഷേധങ്ങള്‍ സമാധാനപരമായ സത്യാഗ്രഹമാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉപദ്രവിക്കാന്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനോടുള്ള എതിര്‍പ്പ് പ്രടിപ്പിക്കാന്‍ ബിജാപൂരില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇന്ന് തടിച്ചുകൂടിയത്. ഈ പ്രതിഷേധങ്ങള്‍ സമാധാനപരമായ സത്യാഗ്രഹമാണ്. ഇത് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള യുദ്ധം’, യെച്ചൂരി ട്വീറ്റ് ചെയ്തു.

ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനത്തെ അവസ്ഥ അതി രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെയാണെന്നും യെച്ചൂരി മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കഴിക്കന്‍ ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാവുകയാണ്. പലയിടത്തും നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നകതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായെന്നാണ് വിവരം.

ഒമ്പത് വയസുള്ള കുട്ടിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാര്‍ക്കുനേരെ അക്രമികള്‍ കല്ലേറ് നടത്തുകയും പെട്രോള്‍ ബോബ് എറിയുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ദല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ തുറന്ന പ്രവര്‍ത്തിക്കില്ലെന്ന് ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനിഷ് സിസോധിയ അറിയിച്ചു. പരീക്ഷകളെല്ലാം മാറ്റിവെച്ചു.

അതേസമയം കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും പ്രചരിപ്പിക്കരുതെന്ന് ദല്‍ഹി പൊലീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ