ടി-20 ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ പടുത്തുയര്‍ത്തി സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ്. ദല്‍ഹി പ്രീമിയര്‍ ലീഗില്‍ നോര്‍ത്ത് ദല്‍ഹി സ്‌ട്രൈക്കേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ 308 റണ്‍സ് നേടിയാണ് സൗത്ത് ദല്‍ഹി ചരിത്രം കുറിച്ചത്. ക്യാപ്റ്റന്‍ ആയുഷ് ബദോനി, ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് സൗത്ത് ദല്‍ഹി പടുകൂറ്റന്‍ ടോട്ടലിലെത്തിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ദല്‍ഹിക്ക് ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 11 പന്തില്‍ 11 റണ്‍സ് നേടിയ സാര്‍ത്ഥക് റായ്‌യുടെ വിക്കറ്റാണ് എസ്.എഡി.എസ്സിന് നഷ്ടമായത്. എന്നാല്‍ വണ്‍ ഡൗണായി ക്യാപ്റ്റന്‍ ആയുഷ് ബദോനി ക്രീസിലെത്തുന്നത് വരെ മാത്രമായിരുന്നു നോര്‍ത്ത് ദല്‍ഹിയുടെ ആഘോഷങ്ങള്‍ക്ക് ആയുസുണ്ടായിരുന്നത്.
🏔️ A mountainous total on board and a historic innings by South Delhi Superstarz 🔥👏
ഒരുവശത്ത് നിന്ന് ക്യാപ്റ്റന്‍ ബൗളര്‍മാരെ തല്ലിയൊതുക്കുമ്പോള്‍ മറുവശത്ത് നിന്ന് ആര്യയും തന്റെ റോള്‍ ഗംഭീരമാക്കി. ഇരുവരും സെഞ്ച്വറി നേടിയാണ് കളം വിട്ടത്.
19ാം ഓവറിലെ അഞ്ചാം പന്തില്‍ ബദോനി പുറത്താകുന്നത് വരെ ആരാധകര്‍ ആവേശത്താല്‍ ആറാടുകയായിരുന്നു. വെറും 55 പന്ത് മാത്രം നേരിട്ട് 165 റണ്‍സ് നേടിയാണ് ബദോനി പുറത്തായത്. 19 സിക്‌സറും എട്ട് ഫോറും അടക്കം 300.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബദോനിയുടെ പ്രകടനം.
50 പന്തില്‍ 120 റണ്‍സാണ് പ്രിയാന്‍ഷ് ആര്യ സ്വന്തമാക്കിയത്. പത്ത് സിക്‌സറും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒരു ഓവറില്‍ പറത്തിയ ആറ് സിക്‌സര്‍ അടക്കമാണ് ആര്യ ബൗളര്‍മാരെ ഒരു ദയവുമില്ലാതെ അടിച്ചുകൂട്ടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ടീം 308/5 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഇതോടെ ഒരു ചരിത്ര നേട്ടവും സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനെ തേടിയെത്തി. ടി-20 ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത് ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന നേട്ടമാണ് എസ്.ഡി.എസ് നേടിയത്. ഒരുപക്ഷേ ബദോനിയോ ആര്യയോ പുറത്തായിരുന്നില്ലെങ്കില്‍ ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനവും ഇവര്‍ സ്വന്തമാക്കുമായിരുന്നു.
ടി-20 ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം 300 കടക്കുന്നത്.