| Saturday, 31st August 2024, 5:36 pm

19 സിക്‌സറുമായി ക്യാപ്റ്റന്‍, ഒരു ഓവറില്‍ ആറ് സിക്‌സറുമായി ദേ ഇവനും; യുവരാജ് വാഴുന്ന ലിസ്റ്റില്‍ ചരിത്രത്തിലെ മൂന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2007 ടി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് നേടിയ ആറ് സിക്‌സറുകളുടെ തനിപ്പകര്‍പ്പായിരുന്നു ദല്‍ഹിയില്‍ പ്രിയാന്‍ഷ് ആര്യയെന്ന 23കാരന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ദല്‍ഹി പ്രീമിയര്‍ ലീഗില്‍ സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന് വേണ്ടിയാണ് പ്രിയാന്‍ഷ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

50 പന്തില്‍ 240.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ആര്യ റണ്ണടിച്ചുകൂട്ടിയത്. പത്ത് ഫോറും അത്ര തന്നെ സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ആകെയടിച്ച പത്ത് സിക്‌സറില്‍ ആറെണ്ണം ഒരു ഓവറില്‍ നിന്നാണ് താരം സ്വന്തമാക്കിയത്.

എസ്.ഡി.എസ് ഇന്നിങ്‌സിന്റെ 12ാം ഓവറിലാണ് പ്രിയാന്‍ഷ് ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ആറ് പന്തുകളും ഗാലറിയിലെത്തിച്ചത്. മനന്‍ ഭരദ്വാജായിരുന്നു പന്തെറിഞ്ഞ നിര്‍ഭാഗ്യവാന്‍.

ഓവറിലെ ആദ്യ പന്ത് ലോങ് ഓഫിന് മുകളിലൂടെ അതിര്‍ത്തി കടത്തിയ താരം, രണ്ടാം പന്ത് ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെയും ഗ്യാലറിയിലെത്തിച്ചു. ലോങ് ഓണിന് മുകളിലൂടെയായിരുന്നു അടുത്ത പന്ത് അതിര്‍ത്തി കടന്നത്.

ഓവറിലെ അടുത്ത മൂന്ന് പന്തുകളുടെയും വിധിയും വ്യത്യസ്തമായിരുന്നില്ല. ഇതോടെ ആറ് പന്തില്‍ ആറും സിക്‌സര്‍ പറത്തി ചരിത്രത്തിന്റെ ഭാഗമാകാനും പ്രിയാന്‍ഷിനായി.

ഒരു ഓവറിലെ ആറ് പന്തും സിക്‌സര്‍ നേടുന്ന മൂന്നാം ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടമാണ് പ്രിയാന്‍ഷ് സ്വന്തമാക്കിയത്. രവി ശാസ്ത്രി, യുവരാജ് സിങ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

ഇതിന് പുറമെ ദല്‍ഹി പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടവും താരം സ്വന്തമാക്കി.

പ്രിയാന്‍ഷ് ആര്യക്ക് പുറമെ ദല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനിയും സെഞ്ച്വറി നേടിയിരുന്നു. നേരിട്ട 39ാം പന്തിലാണ് ബദോനി ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്. വെറും 55 പന്ത് മാത്രം നേരിട്ട് 165 റണ്‍സ് നേടിയാണ് ബദോനി പുറത്തായത്. 19 സിക്സറും എട്ട് ഫോറും അടക്കം 300.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലായിരുന്നു ബദോനിയുടെ പ്രകടനം.

ഒടുവില്‍ നിശ്ചിത ഓവറില്‍ ടീം 308/5 എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇതോടെ ഒരു ചരിത്ര നേട്ടവും സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനെ തേടിയെത്തി. ടി-20 ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത് ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന നേട്ടമാണ് എസ്.ഡി.എസ് നേടിയത്.

ടി-20 ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം 300 കടക്കുന്നത്.

അതേസമയം, 309 എന്ന റണ്‍മല താണ്ടിയിറങ്ങിയ എന്‍.ഡി.എസ് 13 ഓവര്‍ പിന്നിടുമ്പോള്‍ 124/6 എന്ന നിലയിലാണ്.

Content highlight: Delhi Premier league 2024: Priyansh Arya scored 6 sixes in an over

We use cookies to give you the best possible experience. Learn more