സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം; ദല്‍ഹിയില്‍ വായുമലിനീകരണം നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില
ദല്‍ഹി: തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമാകുന്നതിനിടെ സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പി ആസ്ഥാന മന്ദിര നിര്‍മ്മാണം.
നേരത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദല്‍ഹിയിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാന മന്ദിരത്തിന്റെ പണി നടന്നുകൊണ്ടിരിക്കെയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, പഴയ വാഹനങ്ങളുടെ ഉപയോഗവും വിലക്കിയിരുന്നു. ദല്‍ഹിയിലെ എല്ലാ മിക്‌സിങ് പ്ലാന്റുകളും ക്രഷറുകളും അടച്ചിടാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലാണ് ബില്‍ഡിംഗ് നിര്‍മ്മാണം നടക്കുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പണി രണ്ട് ദിവസം നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും ആരംഭിക്കുകയായിരുന്നെന്ന് സ്ഥലത്തെ സെക്യൂരിറ്റി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.
ദല്‍ഹിയില്‍ ഇനിയും പി.എന്‍.ജി(പൈപ്പ്ഡ് നാച്ചറല്‍ ഗ്യാസ്)യിലേക്ക് മാറാത്ത വ്യവസായശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിര്‍ദേശവും നല്‍കിയിരുന്നു.