വായു മലിനീകരണം; ദല്‍ഹിയിലെ പ്രൈമറി സ്‌കൂളുള്‍ നവംബര്‍ 10 വരെ അടച്ചിടും
national news
വായു മലിനീകരണം; ദല്‍ഹിയിലെ പ്രൈമറി സ്‌കൂളുള്‍ നവംബര്‍ 10 വരെ അടച്ചിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th November 2023, 5:58 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായു മലിനീകരണതോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടുമെന്ന് ഡല്‍ഹി വിദ്യാഭാസ മന്ത്രി അതിഷി. 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും 6-12 വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാനുള്ള ഒപ്ഷന്‍ നല്‍കുന്നു,’ അതിഷി എക്‌സില്‍ കുറിച്ചു.

എല്ലാ സര്‍ക്കാര്‍ സ്വകാര്യ പ്രൈമറി സ്‌കൂളുകളും രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത് നീട്ടിയതായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്.

ശനിയാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് 415 ആയിരുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഞായറാഴ്ച 460 ആയി ഉയര്‍ന്നിരുന്നു. ഇതോടെ ഡല്‍ഹിയിലെ മലിനീകരണ തോത് ഗുരുതരമായ പ്ലസ് വിഭാഗത്തില്‍ എത്തി.

കേന്ദ്രത്തിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതി പ്രകാരം മലിനീകരണം ഉണ്ടാക്കുന്ന ട്രക്കുകള്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള ഫോര്‍വീലറുകള്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ശ്വാസകോശ അസുഖങ്ങള്‍ക്കും മാരക ശ്വാസകോശ ക്യാന്‍സറിന് പോലും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ഈ നഗരങ്ങളിലെ വായു മലിനീകരണം തടയുന്നതിനും താമസക്കാര്‍ക്ക് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കുന്നതിനും അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

താപനിലയിലെ ക്രമാനുഗതമായ ഇടിവും ഹരിയാനയിലെയും പഞ്ചാബിലെയും വിളവെടുപ്പിന് ശേഷമുള്ള വൈക്കോല്‍ കത്തിച്ചതും ആണ് ഡല്‍ഹിയിലെ വായു ഗുണനിലവാരം കുറയാന്‍ കാരണം.

CONTENT HICHLIGHT : Delhi Pollution: Primary schools to remain shut till November 10