ദല്‍ഹിയില്‍ സംഘര്‍ഷം; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പെട്രോള്‍ പമ്പിന് തീപിടിച്ചു; നിരോധനാജ്ഞ
CAA Protest
ദല്‍ഹിയില്‍ സംഘര്‍ഷം; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പെട്രോള്‍ പമ്പിന് തീപിടിച്ചു; നിരോധനാജ്ഞ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2020, 6:35 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പൗരത്വ നിയമ ഭേഗദതിക്കെതിരെ പ്രതിഷേധിക്കുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗോക്കല്‍പുരി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ ഭജന്‍പുരയിലെ പെട്രോള്‍ പമ്പിന് തീപിടിച്ചു.

ദല്‍ഹി ജാഫ്രാബാദിലും മുജ്പൂരിലുമാണ് സംഘര്‍ഷമുണ്ടായത്. 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര സന്ദര്‍ശിക്കാന്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഘര്‍ഷം രൂക്ഷമായത്.

ജാഫര്‍ബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഞായറാഴ്ചയുണ്ടായ കല്ലേറിന്റെ ബാക്കിപത്രമാണ് സംഘര്‍ഷമെന്നാണ് സൂചന. ശനിയാഴ്ച്ച രാത്രി മുതലാണ് ഷാഹീന്‍ബാഗിന് സമാനമായ പ്രതിഷേധം ജാഫ്രാബാദില്‍ ആരംഭിച്ചത്. ഇതോടെ അവിടുത്തെ മെട്രോസ്റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്.

ബി.ജെ.പി നേതാവായ കപില്‍ മിശ്ര ഞായറാഴ്ച ഇതേ സ്ഥലത്ത് സി.എ.എ അനുകൂല റാലി ആരംഭിച്ചതാണ് ഇന്നലത്തെ സംഘര്‍ഷത്തിന് കാരണം. ഉത്തര്‍പ്രദേശിലും ഞായറാഴ്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ