ന്യൂദൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച അക്കൗണ്ടിന്റെ URL മെറ്റയോട് ആവശ്യപ്പെട്ട് ദൽഹി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി.
വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത ആളുകളെ കുറിച്ചും അന്വേഷണം നടത്തുന്നതായി ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐ.എഫ്.എസ്.ഒ) ഡി.സി.പി ഹേമന്ത് തിവാരി അറിയിച്ചു.
ഐ.പി.സി സെക്ഷൻ 465, 469, ഐ.ടി ആക്ട് 66സി, 66ഇ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ദൽഹി വനിതാ കമ്മീഷന്റെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്‌ടിച്ച രശ്മികയുടെ വീഡിയോ കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ബ്രിട്ടീഷ്-ഇന്ത്യൻ ഇൻഫ്ലുവൻസറായ സാറ പട്ടേലിന്റെ യഥാർത്ഥ വീഡിയോയിൽ രശ്മികയുടെ മുഖം എഡിറ്റ് ചെയ്ത് ചേർത്താണ് വീഡിയോ പ്രചരിച്ചത്. വ്യാജ വീഡിയോ പ്രചരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സാറ അറിയിച്ചിരുന്നു.
വിഷയത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു.
ഒരു വീഡിയോയിലെ ആളുകളുടെ മുഖത്തിന് പകരം മറ്റൊരാളുടേത് എഡിറ്റ് ചെയ്ത് യഥാർത്ഥ വീഡിയോ പോലെ തോന്നിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഡീപ്ഫേക്ക്.
ഡീപ്ഫേക്ക് സാങ്കേതിക വിദ്യയുടെ ഗുരുതര വശങ്ങൾ സമീപകാലത്ത് രാജ്യത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
വിഖ്യാത ഇംഗ്ലീഷ് ചലച്ചിത്രം ഗോഡ്ഫാദറിലെ കഥാപാത്രങ്ങൾക്ക് പകരം മോഹൻലാലിനെയും മമ്മൂട്ടിയെയും ചേർത്ത വീഡിയോയിലൂടെയാണ് കേരളത്തിൽ ഡീപ്ഫേക്ക് ശ്രദ്ധയിൽ വന്നത്.
Content Highlight: Delhi Police Writes To Meta, Seeks URL Of Account That Posted Rashmika Mandanna’s Deepfake Video