| Friday, 28th April 2023, 4:27 pm

ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പീഡനാരോപണത്തില്‍ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കുമെന്ന് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കേസെടുക്കുമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. ഇന്ന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്നും ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ദല്‍ഹി പൊലീസിന്റെ തീരുമാനം മുന്‍നിര്‍ത്തി ഗുസ്തി താരങ്ങളുടെ ഹരജി ഒരാഴ്ചത്തേക്ക് മാറ്റിവെക്കുകയാണെന്നും കോടതി അറിയിച്ചു.

കൂട്ടത്തില്‍ പരാതിക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത താരത്തിന് മതിയായ സുരക്ഷയൊരുക്കാനും കേസിന്റെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാനും ദല്‍ഹി പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.

ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച മുതല്‍ ഗുസ്തി താരങ്ങള്‍ ദല്‍ഹിയില്‍ സമരത്തിലാണ്. ബ്രിജ് ഭൂഷണിനെതിരെ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും കേസെടുക്കാന്‍ ദല്‍ഹി പൊലീസ് തയ്യാറായില്ലെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്ന് വന്നിരുന്നു. തുടര്‍ന്നാണ് ബജ്‌റംഗ് പൂനിയ അടക്കമുള്ള താരങ്ങള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണത്തില്‍ ഈ വര്‍ഷം ജനുവരിയിലും ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര മന്ത്രിമാരടക്കം ഇടപെട്ട് താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

പിന്നീട് കായിക മന്ത്രാലയം അന്വേഷണത്തിനായി മേരി കോം അധ്യക്ഷയായ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമരമാരംഭിച്ചത്.

പ്രതിഷേധം ശക്തമായതോടെ നിരവധി രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളും കായിക താരങ്ങളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Delhi police will file an fir against brij bhushan

We use cookies to give you the best possible experience. Learn more