ന്യൂദല്‍ഹി: ന്യൂസ്‌ക്ലിക്കിനെതിരായ നടപടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ദല്‍ഹി പൊലീസ്. വിവിധ മാധ്യമങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നിന്ന് ജന്ദര്‍ മന്ദറിലേക്കായിരുന്നു മാര്‍ച്ച് നടത്തേണ്ടിയിരുന്നത്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് അത്തരത്തില്‍ ഒരനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വാദം.
ന്യൂസ്‌ക്ലിക്കിനെതിരായ നടപടിയില്‍ അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ പ്രതികാര നടപടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്നും കോടതി ഇടപെട്ടുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത നടപടി കടുത്ത മനുഷ്യാവകാശ ലംഘനവും തൊഴില്‍ അവകാശ ലംഘനവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുന്നതിന് യു.എസ് ശതകോടീശ്വരന്‍ നെവില്‍ റോയിയുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്ക് ഫണ്ടുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ ന്യൂസ്‌ക്ലിക്കും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.എസ് മാധ്യമമായ ദ ന്യൂയോര്‍ക്ക് ടൈംസ് ആഗസ്റ്റില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ച് ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ റെയ്ഡ് നടന്നത്. ആറ് മണിമുതല്‍ ഒമ്പത് മണിക്കൂറാണ് ദല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സഞ്ജയജൗറ, ഭാഷാ സിംഗ്, ഊര്‍മിലേഷ്, പ്രബിര്‍ പുര്‍കയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, സഫ്ദര്‍ ഹാഷ്മിയുടെ സഹോദരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ ദല്‍ഹിയിലെ വസതികളിലാണ് റെയ്ഡ് നടത്തിയത്.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കാരണമാണ് യെച്ചൂരിയുടെ വസതിയില്‍ റെയ്ഡ് നടന്നത്.
ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് യു.എ.പി.എ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുത്ത ദല്‍ഹി പൊലീസ് ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെക്കുകയായിരുന്നു. എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്ത, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Content Highlights: Delhi Police stops journalist from protest against News click arrest