| Monday, 29th May 2023, 2:18 pm

സമരത്തിനിടെ അവര്‍ കോമാളിത്തരം കാട്ടി; ഗുസ്തി താരങ്ങളെ ജന്തര്‍ മന്ദറില്‍ പ്രവേശിപ്പിക്കില്ലെന്ന് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ വീണ്ടും സമരം ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദല്‍ഹി പൊലീസ്. സമാധാനപരമായി സമരം ചെയ്യാമെന്ന് സമ്മതിക്കുകയാണെങ്കില്‍ മാത്രം അവര്‍ക്ക് മറ്റൊരിടത്ത് സമരകേന്ദ്രം അനുവദിക്കുവെന്ന് ദല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുമന്‍ നാല്‍വ പറഞ്ഞു. എ.എന്‍.ഐ ആണ് ഡെപ്യൂട്ടി കമ്മീഷണറുടെ പ്രതികരണം പങ്കുവെച്ചത്.

സമര കേന്ദ്രത്തിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമരക്കാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ അവര്‍ പാലിക്കാന്‍ തയ്യാറായില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ‘കസ്റ്റഡിയിലെടുക്കവെ ഗുസ്തി താരങ്ങള്‍ പൊലീസ് നടപടിയെ ശക്തമായി പ്രതിരോധിച്ചിരുന്നു.

വളരെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ അവരെ അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ ഗുസ്തി താരങ്ങള്‍ പല കോമാളിത്തരങ്ങളും കാണിച്ചിട്ടുണ്ട്. ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായതിനാല്‍ അവിടെ ഇത്തരത്തിലൊരു പ്രതിഷേധം അനുവദിക്കാനാകുമായിരുന്നില്ല,’ സുമന്‍ നാല്‍വ പറഞ്ഞു.

ഹൈ സെക്യൂരിറ്റി പ്രശ്‌നങ്ങളുള്ള ഇടമായതിനാല്‍ ഗുസ്തി താരങ്ങളോട് ഇക്കാര്യം ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ അവര്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

‘പാര്‍ലമെന്റ് ഉദ്ഘാടന ദിവസം തന്നെ സമരം ചെയ്യാന്‍ തെരഞ്ഞെടുത്തത് കടുത്ത നിയമലംഘനമാണ്. ദല്‍ഹി പൊലീസ് സമാധാനപരമായാണ് സമരക്കാരെ കസ്റ്റഡിയിലെടുത്തത്. വനിതാ പൊലീസുകാര്‍ അവരെ കസ്റ്റഡിയിലെടുത്ത് വൈകിട്ടോടെ വിട്ടയക്കുകയും ചെയ്തു.

ഞങ്ങള്‍ നിയമനടപടികളുമായി മുന്നോട്ട് പോകും. കഴിഞ്ഞ 38 ദിവസങ്ങള്‍ സമരക്കാര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ അടക്കം ദല്‍ഹി പൊലീസ് ചെയ്തു നല്‍കിയിരുന്നു. അത്‌ലറ്റുകളായതിനാല്‍ ടെന്റും വെള്ളവും അടക്കമുള്ള സൗകര്യങ്ങളും അനുവദിച്ചിരുന്നു,’ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Content Highlights: delhi police slams wrestlers protest outside parliament

We use cookies to give you the best possible experience. Learn more