ന്യൂദല്‍ഹി: തനിക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ കരിയര്‍ അവസാനിപ്പിച്ചു കളയുമെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തിയതായി ദല്‍ഹി പൊലീസ്. കോടതിയിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ ഡബ്ല്യു.എഫ്.ഐ മേധാവിയായ ബ്രിജ് ഭൂഷനെതിരെ കുറ്റം ചുമത്തണമോയെന്നതില്‍ വീണ്ടും വാദം തുടങ്ങിയതിനു പിന്നാലെയാണ് ദല്‍ഹി പൊലീസ് കോടതിയില്‍ മൊഴി സമര്‍പ്പിച്ചത്.
‘നിങ്ങള്‍ക്ക് ഗുസ്തി തുടരണമെങ്കില്‍ മിണ്ടാതെ ഇരിക്കണം അല്ലെങ്കില്‍ നിങ്ങളുടെ കരിയര്‍ നശിപ്പിക്കാന്‍ എനിക്ക് കഴിയും,’എന്നാണ് ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങളോട് പറഞ്ഞത്. ബ്രിജ് ഭൂഷന്റെ നീക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 506 പ്രകാരം കുറ്റകരമാണെന്ന് ദല്‍ഹി പൊലീസ് അഭിഭാഷകന്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു.
ഡബ്ല്യു.എഫ്.ഐയുടെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ ഓഫീസില്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം ഉള്ളു എന്നൊരു പരാതിയും ഉണ്ടായിരുന്നു. അതുകൊണ്ട് പുരുഷ താരങ്ങള്‍ക്ക് അകത്തു കടക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ഒരു ഗുസ്തിതാരത്തെ കെട്ടിപ്പിടിക്കുകയും അത് ‘പിതാവിന്റെ പ്രവൃത്തി’ ആണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം ചെയ്ത പ്രവൃത്തിയില്‍ യാതൊരു വിധ കുറ്റബോധം ഇല്ലെന്നും ദല്‍ഹി പൊലീസ് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. കുറ്റബോധം ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ഒരു വിശദീകരണം നല്‍കില്ലായിരുന്നു പോലീസ് പറഞ്ഞു.
ബ്രിജ് ഭൂഷന് റൂസ് അവന്യൂ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കുന്നതില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ചില തിരക്കുകള്‍ ഉള്ളതിനാല്‍ ഇളവ് വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പ്രിയങ്ക രാജ്പൂതിന് മുമ്പാകെയാണ് പൊലീസ് ഇപ്പോള്‍ വാദങ്ങള്‍ സമര്‍പ്പിച്ചത്. ജഡ്ജി ഹര്‍ജീത് സിംങ് ജസ്പാല ആയിരുന്നു ഇതുവരെ വാദം കേട്ടത്. എന്നാല് ജഡ്ജി സ്ഥലം മാറി പോയതിനു ശേഷം ഇപ്പോളാണ് വാദം ആരംഭിച്ചിരിക്കുന്നത്.
വനിതാ ഗുസ്തിതാരങ്ങള്‍ക്കെതിരെയായ ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15 ന് ബ്രിജ് ഭൂഷണെതിരെ ദല്‍ഹി പൊലീസ് ഐ. പി . സി 354 ,354 എ,354 ഡി ,506 എന്നിവ വകുപ്പ് പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 ബ്രിജ് ഭൂഷന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡബ്ല്യു.എഫ്.ഐ വിനോദ് തോമറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.