| Thursday, 27th February 2020, 7:29 pm

'രാജ്യതലസ്ഥാനം ചുട്ടുചാമ്പലാവുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായിരുന്നത് സിഖ് കലാപം ഓര്‍മ്മിപ്പിക്കുന്നു'; കടുത്ത വിമര്‍ശനവുമായി ബി.ജെ.പി സഖ്യകക്ഷി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് കലാപം രൂക്ഷമായപ്പോഴും ദല്‍ഹി പൊലീസ് നിഷ്‌ക്രിയമായി തുടര്‍ന്നത് 1984 ലെ സിഖ് കലാപത്തെ ഓര്‍മ്മിപ്പിക്കുന്നതെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ എം.പി നരേഷ് ഗുജ്‌രാള്‍. 1984 ആവര്‍ത്തിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നതെന്നും ദല്‍ഹി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം പറഞ്ഞു. ‘കാരണം, അവരുടെ ജീവനോ സ്വത്തിനോ സംരക്ഷനം നല്‍കാന്‍ ദല്‍ഹി പൊലീസ് തയ്യാറായില്ല. ഇതേ അവസ്ഥയാണ് നമ്മള്‍ 1984ലും കണ്ടത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്’, നരേഷ് ഗുജ്‌രാള്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ് രാളിന്റെ മകനാണ് ഇദ്ദേഹം.

ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആരും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു. 16പേര്‍ കലാപബാധിത പ്രദേശത്തെ ഒരു വീട്ടില്‍ 16പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ എത്രയും വേഗം രക്ഷപെടുത്തണമെന്നും താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പാര്‍ലമെന്റ് അംഗത്തിന്റെ അപേക്ഷപോലും അവര്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ എന്തായിരിക്കും ഇവിടത്തെ സാധാരക്കാരുടെ അവസ്ഥ? ഇന്ത്യക്കാരാരും 1984 ആവര്‍ത്തിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല’, അദ്ദേഹം പറഞ്ഞു. പൊലീസ് ഇത്രത്തോളം നിഷ്‌ക്രിയമായിരിക്കുമ്പോള്‍ ദല്‍ഹി കത്തിയെരിരുന്നതില്‍ ആശ്ചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more