national news
ട്രേഡ് യൂണിയനുകളുടെ ദേശീയ സമ്മേളനത്തില്‍ നിന്നും ആര്‍.എസ്.എസിനും ഇസ്രഈലിനുമെതിരായ ബാനറുകള്‍ നീക്കി ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 25, 12:19 pm
Tuesday, 25th February 2025, 5:49 pm

ന്യൂദല്‍ഹി: ഫലസ്തീനിനെതിരായ ഇസ്രഈല്‍ ആക്രമണത്തെയും ഇന്ത്യയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെയും അപലപിക്കുന്ന ബാനറുകള്‍ നീക്കി ദല്‍ഹി പൊലീസ്. തിങ്കളാഴ്ച ദല്‍ഹിയില്‍ നടന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ സമ്മേളനത്തിലെ ബാനറുകളാണ് പൊലീസ് നീക്കം ചെയ്തത്.

സി.പി.ഐ.എം.എല്‍ ലിബറേഷനുമായി അഫിലിയേറ്റഡ് ചെയ്തിട്ടുള്ള ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തിയ ദേശീയ സമ്മേളനത്തിലാണ് സംഭവം. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ഭാരതീയ മസ്ദൂര്‍ സംഘ് ഒഴികെയുള്ള നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.

റെയില്‍വേ, പ്രതിരോധ ഉത്പാദനം, ശുചിത്വം, വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച് ചെയ്യുന്നതിനായായിരുന്നു ദേശീയ സമ്മേളനം.

വേദിക്കുള്ളിലായിരുന്നു തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും സംബന്ധിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. സമ്മേളനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് പൊലീസ് ഹാളില്‍ കയറി ബാനറുകള്‍ വലിച്ചെറിയുകയായിരുന്നു.

‘സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പൊലീസ് കയറി വന്ന് ബാനറുകള്‍ വലിച്ചെറിഞ്ഞു. സമ്മേളനം നടത്തുന്നതിനായി എല്ലാ അനുമതികളും പൊലീസില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കാരണം എന്താണെന്ന് പോലും പറയാതെ ഹാളില്‍ കയറി ബാനര്‍ വലിച്ചെറിയുകയായിരുന്നു, എ.ഐ.സി.സി.ടി.യു വൈസ് പ്രസിഡന്റ് സുച്ത ദേ പറഞ്ഞു.

തങ്ങളുടെ മീറ്റിങ് തടസപ്പെടുത്തുമെന്നത് കൊണ്ട് പൊലീസിനെ എതിര്‍ത്തില്ലെന്നും ഫലസ്തീനിലെ ജനങ്ങളുടെയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തെ കുറിച്ചുള്ള ചോദ്യങ്ങളുള്ള ബാനറുകള്‍ പൊലീസ് തെരഞ്ഞെടുത്ത് നീക്കം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചഭക്ഷണം, സംയോജിത ശിശു വികസനം സേവനം, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം മാത്രമേ നല്‍കുന്നുള്ളുവെന്നും നൂറുകണക്കിന് തൊഴിലാളികളാണ് സമ്മേളനത്തില്‍ പങ്കെടുത്ത് അവരുടെ പരാതികള്‍ ഉന്നയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം എട്ട് മണിക്കൂര്‍ ജോലി സമയം ഇല്ലാതാക്കി തൊഴിലാളികളോട് 12 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രവണതകളുണ്ടെന്ന് സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. മതവിദ്വേഷങ്ങള്‍ക്കും ജാതീയതയ്ക്കും ചൂഷണങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കണമെന്നും തൊഴിലാളികളോട് അദ്ദേഹം പറഞ്ഞു.

Content Highlight: Delhi Police removes anti-RSS and anti-Israel banners from National Conference of Trade Unions