ന്യൂദല്‍ഹി: മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ മതിയായ തെളിവുകളില്ലെന്ന വാര്‍ത്ത തള്ളി ദല്‍ഹി പൊലീസ്. വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘മുന്‍ ഗുസ്തി അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായി മതിയായ തെളിവുകളിള്‍ കണ്ടെത്തിയിട്ടില്ലെന്നും വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണെന്നും നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണ്. കേസിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്,’ ദല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. എന്നാല്‍ അല്‍പസമയത്തിനകം പൊലീസ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
നേരത്തെ, തെളിവ് ഇല്ലാത്തതിനാല്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ദല്‍ഹി പൊലീസ് അറിയിച്ചതായുള്ള വാര്‍ത്തകള്‍ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ദല്‍ഹി പൊലീസ് എത്തിയത്.
ഇതുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനുള്ള മതിയായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നുമായിരുന്നു എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്.
‘ഇതുവരെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനുള്ള മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. അത് കുറ്റപത്രമായോ അന്തിമ റിപ്പോര്‍ട്ട് ആയോ ആകാം. ഗുസ്തി താരങ്ങളുടെ പരാതിയെ പിന്തുണക്കുന്ന തെളിവുകള്‍ ഇല്ല,’ എന്നാണ് ദല്‍ഹി പൊലീസിനെ ഉദ്ധരിച്ച് നേരത്തെ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എഫ്.ഐ. ആറില്‍ ചുമത്തിയിട്ടുള്ള പോക്‌സോ വകുപ്പുകള്‍ക്ക് ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷയാണുള്ളത് അതിനാല്‍ പ്രതികള്‍ പറയുന്നത് പോലെ അറസ്റ്റുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ഗുസ്തി താരങ്ങള്‍ ഇന്ന് ചേരാനിരുന്ന ഖാപ്പ് പഞ്ചായത്ത് നാളത്തേക്ക് മാറ്റി. സമരത്തിന്റെ നടപടികളെ കുറിച്ചുള്ള തീരുമാനം ഖാപ്പ് പഞ്ചായത്തില്‍ എടുക്കും.
ചൊവ്വാഴ്ച, ബ്രിജ് ഭൂഷണെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ മത്സരങ്ങളില്‍ ലഭിച്ച മെഡല്‍ ഗംഗയിലൊഴുക്കാനായി താരങ്ങളെത്തിയിരുന്നു.. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ഗംഗയിലൊഴുക്കാന്‍ തിരിച്ചെത്തുമെന്ന് താരങ്ങള്‍ കര്‍ഷകരെ അറിയിച്ചിരുന്നു.
ലൈംഗിക പരാതിയില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുകയാണ്.
Contenthighlight: Delhi police reject the report of ani reavealing that no evidence found against brij bhushan singh