സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്ന പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്
national news
സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്ന പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2023, 1:09 pm

ന്യൂദല്‍ഹി: സനാതത ധര്‍മത്തെ ഇല്ലാതാക്കണം എന്ന പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് കേസെടുത്തു. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്റെ പരാതിയില്‍ ദല്‍ഹി പൊലീസാണ് കേസെടുത്തിരിക്കുന്നത്. സനാതന ധര്‍മം എതിര്‍ക്കുകയല്ല, ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടതെന്നാണ് ഉദയനിധി പറഞ്ഞത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 183 എ, 295, 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധിക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകീര്‍ത്തികരമായ പ്രസ്താവനയിലൂടെ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

ശനിയാഴ്ച ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധി സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. ജാതിവിവേചനത്തിന് ഇരയായി ജീവനൊടുക്കിയ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും ഈ വേദിയിലുണ്ടായിരുന്നു.

ചില കാര്യങ്ങള്‍ കേവലമായി എതിര്‍ക്കുകയല്ല വേണ്ടത്, മറിച്ച് അവ ഇല്ലാതാക്കണമെന്ന് ഉദയനിധി പറഞ്ഞിരുന്നു. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയൊന്നും എതിര്‍ക്കേണ്ടതല്ല, ഇല്ലാതാക്കേണ്ടതാണ്. സനാതനവും അതുപോലെയാണ്.

സനാതനം എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് വന്നതെന്നും സംസ്‌കൃതം തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. സനാതനം ശാശ്വതമാണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇതാണ് സനാതനത്തിന്റെ അര്‍ത്ഥമെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

ഉദയനിധി സ്റ്റാലിന്റേത് വംശഹത്യക്കുള്ള ആഹ്വാനമാണ് എന്ന ആരോപണവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന് ശിക്ഷ ലഭിക്കാതെ വിടില്ല എന്ന് ആര്‍.എസ്.എസ് അനുകൂല അഭിഭാഷക കൂട്ടായ്മ പ്രതികരിച്ചു. ഇന്ത്യയിലെ 80% വരുന്ന ജനങ്ങളെ വംശഹത്യ ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിന്‍ ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ പ്രതികരിച്ചു.

എന്നാല്‍ താന്‍ ഒരു തരത്തിലുമുള്ള വംശഹത്യക്ക് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ഇതിനോട് ഉദയനിധി ഇതിനോട് പ്രതികരിച്ചത്.

Content Highlight: Delhi Police registered a case against Udayanidhi Stalin