ദല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി എം.പിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വീട്ടിലെത്തി അന്വേഷണം തുടങ്ങി ദല്‍ഹി പൊലീസ്. ബ്രിജ് ഭൂഷണിന്റെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് ജോലിക്കാരെ അടക്കം ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച മുതിര്‍ന്ന ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ആദ്യ പൊലീസ് നടപടിയുണ്ടാകുന്നത്. ബ്രിജ് ഭൂഷണെ എപ്പോഴാകും ചോദ്യം ചെയ്യുകയെന്ന് വ്യക്തമല്ല.
അതേസമയം, ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസ് പിന്‍വലിച്ചെന്ന റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് പെണ്‍കുട്ടി പരാതി പിന്‍വലിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുമ്പിലെത്തി പുതിയ മൊഴി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മൊഴിയില്‍ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോയെന്നത് വ്യക്തമല്ല.
നേരത്തെ ഈ പെണ്‍കുട്ടി പൊലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. കേസിലെ എഫ്.ഐ.ആര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി പിതാവ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ജൂണ്‍ നാല് വരെയും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് തന്നെയാണ് പരാതിക്കാരിയുടെ പിതാവ് പറഞ്ഞത്. ആകെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്.
ബ്രിജ് ഭൂഷണെതിരെ നടപടി ഉറപ്പായ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, റെയില്‍വേയില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത് ചുമതലാ ബോധം കൊണ്ടാണെന്നും, അതിന് സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന അര്‍ത്ഥമില്ലെന്നും ഗുസ്തി താരം സാക്ഷി മാലിക് വ്യക്തമാക്കിയിരുന്നു.
ജൂണ്‍ ഒമ്പതിന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ജന്തര്‍മന്ദര്‍ പ്രതിഷേധം മാറ്റിവെച്ചതായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.