ന്യൂദല്‍ഹി: സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയറി’ന്റെ എഡിറ്റര്‍മാരുടെ വീടുകളില്‍ റെയ്ഡ്. ബി.ജെ.പി. വക്താവ് അമിത് മാളവ്യയുടെ പരാതിക്ക് പിന്നാലെയാണ് രണ്ട് എഡിറ്റര്‍മാരുടെ വീട്ടില്‍ ദല്‍ഹി പോലീസ് റെയ്ഡ് നടത്തിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ദി വയറിന്റെ എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ. വേണു എന്നിവരുടെ വീട്ടില്‍ ദല്‍ഹി പോലീസ് റെയ്ഡ് നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ഉപകരണങ്ങള്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരേയും കസ്റ്റഡിയില്‍ എടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ബി.ജെ.പി. വക്താവ് അമിത് മാളവ്യ ദി വയറിനെതിരെ ദല്‍ഹി പോലീസില്‍ പരാതി നല്‍കിയത്.
വെകുന്നേരം 4.45 ഓടുകൂടിയാണ് ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതതെന്ന് എം.എ. വേണു പറഞ്ഞു. അമിത് മാളവ്യയുടെ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. തന്റെ ഐ ഫോണും ഐപാഡും അവര്‍ പരിശോധിച്ചതായും വരദരാജന്റെ വീട്ടിലും സമാനമായരീതിയില്‍ റെയ്ഡ് നടന്നതായും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അമിത് മാളവ്യയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയതായി അവകാശപ്പെടുന്ന അന്വേഷണ പരമ്പര ദി വയര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി മുന്‍ കണ്‍സള്‍ട്ടന്റ് ദേവേഷ് കുമാറിനെതിരെ ദി വയര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തങ്ങള്‍ക്ക് സംഭവിച്ച പിശക് സൂചിപ്പിച്ച് ദി വയര്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
‘സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തെളിവുകള്‍ ഏറെ സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ ഒരു മാധ്യമസ്ഥാപനത്തെ അപകടത്തില്‍പെടുത്താന്‍ നടത്തിയ വഞ്ചന കണ്ടെത്താന്‍ സാധാരണഗതിയിലുള്ള സൂക്ഷ്മതയും ജാഗ്രതയും കൊണ്ടുമാത്രം കഴിഞ്ഞു കൊള്ളണമെന്നില്ല. ഇതാണ് ഞങ്ങള്‍ക്ക് സംഭവിച്ചത്,’ എന്നാണ് വാര്‍ത്ത ഉറവിടം തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന സൂചന നല്‍കിയുള്ള പ്രസ്താവനയില്‍ ദി വയര്‍ വ്യക്തമാക്കിയത്.