പെഗാസസ് വെളിപ്പെടുത്തലിന് പിന്നാലെ ദ വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന
Pegasus Project
പെഗാസസ് വെളിപ്പെടുത്തലിന് പിന്നാലെ ദ വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd July 2021, 10:16 pm

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിന്റെ ദല്‍ഹിയിലെ ഓഫീസില്‍ പൊലീസ് പരിശോധന. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള സാധാരണ പരിശോധനയാണിതെന്നാണ് പൊലീസ് പറയുന്നത്.

ഇസ്രഈല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ രേഖകള്‍ പുറത്തുവിട്ട മാധ്യമസ്ഥാപനം കൂടിയാണ് ദ വയര്‍. ഈ പശ്ചാത്തലത്തിലാണ് റെയ്ഡ്.

ഓഫീസില്‍ പൊലീസ് പരിശോധന നടക്കുന്നതായി ദ വയര്‍ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആരാണ് വിനോദ് ദുവ? ആരാണ് സ്വര ഭാസ്‌കര്‍? നിങ്ങളുടെ ഓഫീസ് കെട്ടിടത്തിന്റെ വാടക കരാര്‍ കാണാന്‍ കഴിയുമോ? എന്നൊക്കെ ചോദിച്ചാണ് പൊലീസ് എത്തിയതെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തു.

”പെഗാസസ് വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് ഇന്ന് ദ വയറിന്റെ ഓഫീസിലെത്തി. ആരാണ് വിനോദ് ദുവാ? ,ആരാണ് സ്വര ഭാസ്‌കര്‍?, നിങ്ങളുടെ വാടക കരാര്‍ കാണാനാകുമോ?, അര്‍ഫയോട് സംസാരിക്കാന്‍ കഴിയുമോ?എന്നൊക്കെ പൊലീസ് ചോദിച്ചു.

എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ഓഗസ്റ്റ് 15 മായി ബന്ധപ്പെട്ട പതിവ് പരിശോധനയെന്ന് പറഞ്ഞു”, സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വിറ്ററിലെഴുതി.

ദ വയറിന്റെ സ്ഥാപകരായ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍വിവരങ്ങളും പെഗാസസ് ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെയും 40തിലധിക്കം മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ 300 ലധികം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ചോര്‍ത്തിയെന്ന വാര്‍ത്ത ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതും ദ വയറായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Delhi Police Raid At The Wire Office