| Monday, 12th March 2012, 8:34 am

ബോംബാക്രമണം കാസ്മി അറിയാതിരിക്കാനും സാധ്യത: ദല്‍ഹി പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ ഉര്‍ദു പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിക്ക് ഇസ്രായേല്‍ കാറിനുനേരെ നടന്ന ബോംബാക്രമണത്തെക്കുറിച്ച് അറിയാതിരിക്കാനും സാധ്യതയുണ്ടെന്ന് ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍. കാസ്മിയുടെ അറസ്റ്റിനെതിരെ  പത്രപ്രവര്‍ത്തകരുടെ സാമൂഹികപ്രവര്‍ത്തകരും ശക്തമായി രംഗത്തിറങ്ങിയതോടെയാണ് കാസ്മിയെ അറസ്റ്റ് ചെയ്ത ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വരംമാറ്റമുണ്ടായത്. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കാസ്മിയെ പോലീസ് അറസ്റ്റു ചെയ്തത്.

ഫെബ്രുവരി 13ന് നടന്ന സംഭവത്തിന്റെ മുഴുവന്‍ ഗൂഢാലോചനയും കാസ്മിക്ക് അറിയുമെന്നും അദ്ദേഹം സൂത്രധാരന്മാരില്‍ ഒരാളാണെന്നും പറഞ്ഞാണ് ഈ മാസം ഏഴിന് കാസ്മിയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഔറംഗസീബ് റോഡിലേക്കുള്ള വഴി ചോദിച്ച രണ്ടുപേര്‍ക്ക് പറഞ്ഞുകൊടുത്തതായി കാസ്മി സമ്മതിച്ചിട്ടുണ്ടെന്നാണ് ദല്‍ഹി പോലീസ് ഇപ്പോള്‍ പറയുന്നത്. ഔറംഗസീബ് റോഡില്‍ വെച്ചാണ് കാറില്‍ ബോംബ് വെച്ചതെന്നാണ് പോലീസ് ഭാഷ്യം. രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ബോംബ് വെച്ചവര്‍ രാജ്യം വിട്ടെന്നും പോലീസ് പറയുന്നു.

സംഭവത്തിന് പിന്നിലുള്ള സൂത്രധാരനായി കാസ്മിയെ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോംബ് വെച്ചവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലാതിരിക്കാനും സാധ്യതയുണ്ട്. ഇസ്രായേലി കാറില്‍ ബോംബ് ഘടിപ്പിച്ചവരെ അദ്ദേഹം കണ്ടോയെന്ന് കാര്യമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കാസ്മിക്കെതിരായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരോട് 20 ദിവസം ചോദ്യം ചെയ്യുമെന്നും അതിനുശേഷം തങ്ങളുടെ പക്കലുള്ള  തെളിവുകളെല്ലാം കോടതിയില്‍ നല്‍കുമെന്നും  മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

അതിനിടെ, ആറുവര്‍ഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ അന്വേഷണം നേരിടുന്ന അഡീഷണല്‍ പോലീസ് കമ്മീഷണറാണ് കാസ്മിയെ അറസ്റ്റ് ചെയ്തതെന്ന് പ്രമുഖ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഘത്തിന് നേതൃത്വം നല്‍കുന്ന അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഭൂമി കൈമാറ്റത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് കാസ്മിയുടെ ബന്ധുക്കളും വ്യക്തമാക്കി.

മെഹ്‌റോളിയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് മേല്‍ അഴിമതിക്കുറ്റം ചുമത്തപ്പെട്ടത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും കാസ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇത്രയും ഗുരുതരമായ കേസാണെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിയെയോ സി.ബി.ഐയെയോ ഏല്‍പ്പിക്കാതെ ഒട്ടും വിശ്വാസ്യതയില്ലാത്ത ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിനെ അന്വേഷണം ഏല്‍പ്പിച്ചതെന്തിനാണെന്ന് പ്രമുഖ അഭിഭാഷകന്‍ എന്‍.ഡി പഞ്ചോലി ചോദിച്ചു.

കാസ്മിക്കെതിരെയുള്ളത് അന്താരാഷ്ട്ര ഭീകരരെ സംബന്ധിച്ച കേസാണെന്നാണ് ദല്‍ഹി പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് മോഹന്‍ പറഞ്ഞത്. എതിരാളികളെ കള്ളക്കേസില്‍ കുടുക്കിയും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുകയും ചെയ്തിട്ടുള്ള ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിനെ ഈ കേസുകള്‍ ഏല്‍പ്പിച്ചതെന്തിനാണെന്ന് എന്‍.ഡി പഞ്ചോലി  ചോദിച്ചു.

പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന പ്രശ്‌നം കൂടിയാണിത്. ഒരു രാജ്യത്തിന്റെ അന്വേഷണ പ്രക്രിയയില്‍ മറ്റൊരു രാജ്യം നടത്തുന്ന ഇടപെടലാണിതെന്നും പഞ്ചോലി പറഞ്ഞു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more