| Monday, 6th January 2020, 8:58 pm

'സംഭവം നടന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ഥലത്ത് നിന്നും അല്‍പം ദൂരെ'; ജെ.എന്‍.യു വിഷയത്തില്‍ വിശദീകരണവുമായി ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ വിശദീകരണവുമായി ദല്‍ഹി പൊലീസ്. സംഭവം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്നാണ് പൊലസ് ഭാഷ്യം.

സംഭവത്തെ തുടര്‍ന്ന് ദല്‍ഹി പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പൊലീസ് കൃത്യസമയത്ത് എത്തിയില്ലെന്ന് ആക്രമണത്തിനിരയായ അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞിരുന്നു. ഈ ആരോപണങ്ങളും പൊലീസ് മുഴുവനായും നിഷേധിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ദല്‍ഹി പൊലീസിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായ എം.എസ് രണ്‍ധാവ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ സമയത്ത് തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന കോളുകള്‍ക്കനുസരിച്ച് തക്ക സമയത്ത് നടപടിയെടുത്തിട്ടുണ്ടെന്നും രണ്‍ധാവ അറിയിച്ചു.

‘അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനടുത്താണ് പൊലീസ് സാധാരണ ഡ്യൂട്ടിക്കുണ്ടാവുക. അവിടെ നിന്നും അല്‍പം ദൂരെയുള്ള സ്ഥലത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ 7.45 ന് വിളിക്കുകയും തുടര്‍ന്ന് പൊലിസെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.’ രണ്‍ധാവ മാധ്യമങ്ങളോട് പറഞ്ഞു.

DoolNews Video

സിസിടിവി വീഡിയോകള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് വിഷയം അന്വേഷിക്കുമെന്നും ദല്‍ഹി പൊലിസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ അക്രമകാരികളില്‍ ചിലരെ തിരിച്ചറിയാനായിട്ടുണ്ടെന്ന് ദല്‍ഹി പൊലീസ് നേരത്തെ പറഞ്ഞിരുന്നെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമകാരികളില്‍ ചിലരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു.

ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more