ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ന്റെയും സി.പി.ഐ എം.എല്‍ നേതാവ് കവിതാ കൃഷ്ണന്റെ പേരും ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ്. ഇവര്‍ക്ക് പുറമെ വിദ്യാര്‍ത്ഥി നേതാവ് കവാള്‍ പ്രീത് കൗറിന്റെയും ശാസ്ത്രജ്ഞന്‍ ഗൗഹര്‍ റാസ എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സി.പി.ഐ നേതാവായ ആനി രാജ, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ദല്‍ഹി കലാപക്കേസില്‍ കുറ്റവാളികളെന്ന് ദല്‍ഹി പൊലീസ് ആരോപിക്കുന്ന ഖാലിദ് സൈഫിയുടെയും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇഷ്രത് ജഹാനിന്റെയും മൊഴികളിലാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെയും പ്രശാന്ത് ഭൂഷണ്‍ന്റെയും പേരുകളുള്ളതായി ദല്‍ഹി പൊലീസ് പറയുന്നത്.
ദല്‍ഹിയിലെ ഖുറേജിയില്‍ നടന്ന ഒരു പ്രസംഗവുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷന്റെ പേര് ഉള്‍പ്പെടുത്തിയത്. ഖുറേജിയില്‍ വെച്ച് തന്നെ നടന്ന മറ്റൊരു പ്രസംഗത്തില്‍ ‘മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാരോപിച്ചാണ് ഗൗഹര്‍ റാസയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദല്‍ഹി കലാപക്കേസില്‍ പ്രതികളെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത 15 പേരില്‍ ഒരാളായ ഷാദാബ് അഹ്മദിന്റെ മൊഴിയില്‍ കവിതാ കൃഷണനുള്‍പ്പെടെയുള്ള 38 പേരുട പേരുകള്‍ പറഞ്ഞതായാണ് ദല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
കവാള്‍ പ്രീത് കൗര്‍, ഉമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖ്വാസിം റസൂല്‍ ഇല്യാസ് തുടങ്ങിയവരുടെ പേരും ഇതില്‍ ഉള്‍പ്പെടുന്നു. ചാന്ദ് ബാഗിലെ പ്രതിഷേധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തി എന്നാണ് കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരായി പറയുന്നത്.
യു.എ.പി.എ ചുമത്തി നേരത്തെ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളായ ദേവാംഗന കാലിത, നടാഷ നര്‍വാള്‍ എന്നിവരുടെ മൊഴിയിലും കവിതാ കൃഷ്ണന്റെ പേര് പറഞ്ഞതായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദല്‍ഹിയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രതിഷേധങ്ങള്‍ നടത്തിയതെന്നാണ് ദല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. നേരത്തെ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ സഫൂറ സര്‍ഗാറിന്റെ മൊഴിയില്‍ അവര്‍ ദല്‍ഹിയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ദല്‍ഹി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ മൊഴിയെന്ന തരത്തില്‍ ദല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവര്‍ ഒപ്പ് വെക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക