national news
മുഴുവന്‍ തെളിവുകളും നശിപ്പിച്ച് 600 വര്‍ഷം പഴക്കമുള്ള മസ്ജിദ് അനധികൃതമായി തകര്‍ത്ത് ദല്‍ഹി പൊലീസ്
ന്യൂദല്‍ഹി: 600 വര്‍ഷം പഴക്കമുളള ദല്‍ഹി മെഹ്റോളിയിലെ അഖുന്ദ്ജി മസ്ജിദ് അനധികൃതമായി പൊലീസ് തകര്‍ത്തത് തെളിവുകള്‍ പൂര്‍ണമായി നീക്കം ചെയ്തുകൊണ്ടെന്ന് റിപ്പോര്‍ട്ട്. പള്ളി പൊളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മസ്ജിദ് ഇമാമിന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചുവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അധികാരികളുടെ നടപടികള്‍ വീഡിയോ ദൃശ്യങ്ങളായി ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ വേണ്ടിയാണ് പൊലീസ് ഫോണുകള്‍ പിടിച്ചുവെച്ചതെന്ന് മസ്ജിദ് ഇമാം മാധ്യമങ്ങളോട് പറഞ്ഞു. നമസ്‌ക്കാരത്തിന് ആളുകള്‍ പള്ളിയിലേക്ക് എത്തുന്നതിന് മുമ്പായി മസ്ജിദ് പൊളിച്ച് അവശിഷ്ടങ്ങള്‍ പൊലീസ് നീക്കം ചെയ്തുവെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.
അനധികൃതമായ കടന്നുകയറ്റത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പള്ളിക്കകത്തേക്ക് കടക്കാന്‍ തന്നെ പൊലീസ് അനുവദിച്ചില്ലെന്നും മസ്ജിദ് ഇമാം പറഞ്ഞു. പള്ളിയുടെ അകത്തുണ്ടായിരുന്ന വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ പോലും എടുക്കാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളിയുടെ സമീപത്തുള്ള മദ്രസയും അവിടെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചുവെന്ന് ഇമാം ആരോപണം ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഖുന്ദ്ജി മസ്ജിദിനോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന പുണ്യ വ്യക്തികളുടേതെന്ന് കരുതപ്പെടുന്ന കല്ലറകളും പൂര്‍ണമായി പൊലീസ് തകര്‍ത്തിട്ടുണ്ട്.
അഖുന്ദ്ജി മസ്ജിദ് പൊളിച്ചതിനെതിരെ ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ജനുവരി 30ന് പുലര്‍ച്ചെ വന്‍ സന്നാഹവുമായി എത്തിയ പൊലീസ് ബലം പ്രയോഗിച്ച് പള്ളി പൊളിച്ചുമാറ്റിയതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി ദല്‍ഹി വികസന അതോറിറ്റിയോട് (ഡി.ഡി.എ) ആവശ്യപ്പെട്ടു. സ്ഥലം ദല്‍ഹി വികസന അതോറിറ്റിയുടേതാണെന്നും ഒഴിയണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തിയത്.
അനധികൃത നിര്‍മിതികള്‍ പൊളിച്ചുമാറ്റാനുള്ള നടപടിയുടെ ഭാഗമായാണ് പള്ളി പൊളിച്ചത് എന്നും ഇവ പരിശോധിക്കുന്ന സര്‍ക്കാര്‍ കമ്മിറ്റി പള്ളി അനധികൃതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നുമാണ് ഡി.ഡി.എയുടെ വാദം.
എന്നാല്‍ പള്ളികളോ കല്ലറകളോ മെഹ്‌റോളി പുരാവസ്തു പാര്‍ക്കിലെ വഖഫ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ പൊളിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതിയില്‍ ഡി.ഡി.എ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.
Content Highlight: Delhi Police illegally demolished a 600-year-old mosque by destroying all the evidence