| Thursday, 4th July 2024, 12:47 pm

വലതുപക്ഷ സംഘടനകളുടെ ആക്രമണമുണ്ടാവാന്‍ സാധ്യത; രാഹുലിന്റെ വസതിക്ക് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ദല്‍ഹിയിലെ വസതിക്ക് പുറത്ത് സുരക്ഷ വര്‍ധിപ്പിച്ച് ദല്‍ഹി പൊലീസ്. വലതുപക്ഷ സംഘടനകള്‍ രാഹുലിന്റെ വസതിക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഹിന്ദു പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്.

രാഹുലിന്റെ വസതിക്ക് മുമ്പില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ഒരു പ്ലാറ്റൂണിനെയും ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ നിരവധി സംഘങ്ങളെയുമാണ് ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നത്. 24 മണിക്കൂറും രാഹുലിന്റെ വസതിക്ക് പുറത്ത് നിരീക്ഷണം നടത്തണമെന്നാണ് ഉത്തരവ്. പ്രതിഷേധ മാര്‍ച്ചും റാലികളുമായി വലതുപക്ഷ സംഘടനകള്‍ ദല്‍ഹിയിലെത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ആശങ്കപ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ കീഴിലുള്ള എല്‍ (അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണ്‍) വിഭാഗത്തിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് പ്രതിപക്ഷ നേതാവായ രാഹുലിന് ഉള്ളത്.

രാഷ്ട്രപതിയുടെ പാര്‍ലമെന്റ് പ്രസംഗത്തെ തുടര്‍ന്നുള്ള ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഉയര്‍ത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഹിന്ദുക്കള്‍ എന്ന് അവകാശപ്പെടുന്നവരില്‍ ചിലര്‍ രാജ്യത്തെ ആക്രമണങ്ങള്‍ക്കും വിദ്വേഷത്തിനും നേതൃത്വം നല്‍കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്.

ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്നും രാഹുല്‍ ഹിന്ദു സമുദായത്തോട് മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു.

രാഹുലിനെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളെ അല്ല, ബി.ജെ.പിയെയാണ് രാഹുല്‍ വിമര്‍ശിച്ചതെന്ന് പ്രിയങ്കയും, രാഹുല്‍ ഹിന്ദുത്വത്തെ അവഹേളിച്ചിട്ടില്ലെന്ന് താക്കറെയും പ്രതികരിച്ചു.

ബി.ജെ.പിയും ആര്‍.എസ്.എസും മോദിയും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും വെറുപ്പും വിദ്വേഷവും മാത്രമാണ് അവര്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും രാഹുല്‍ ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Content Highlight: Delhi Police has increased security outside Opposition Leader Rahul Gandhi’s residence in Delhi

We use cookies to give you the best possible experience. Learn more