വമ്പന്‍ മാളുകള്‍ മുതല്‍ പെട്ടിക്കടകള്‍ വരെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളിലേക്ക് വഴിമാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തിലും വേഗത്തിലും പണം കൈമാറാനുള്ള മാര്‍ഗമായാണ് ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം തുടങ്ങിയ ആപ്പുകളെല്ലാം കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഈ വേഗതക്കും എളുപ്പത്തിനിടയിലൂടെ ചില വിരുദ്ധര്‍ തട്ടിപ്പുമായി ഇറങ്ങിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം കൈമാറുമ്പോള്‍ ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഉപയോക്താവിന്റെ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഫോണ്‍കോളുകളോ മെസേജുകളോ അയച്ച് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘം രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. KYC(KnowYourCustomer) എന്ന തരത്തിലുള്ള, ബാങ്കില്‍ മറ്റു സമയങ്ങളില്‍ ആവശ്യപ്പെടുത്തുന്ന ചോദ്യങ്ങളാണ് ഇത്തരം തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. അതിനാല്‍ പലരും ഇത് പെട്ടെന്ന് വിശ്വസിച്ച് വിവരങ്ങള്‍ കൈമാറാറുമുണ്ട്.
ഒരു ഓണ്‍ലൈന്‍ ആപ്പും പണം കൈമാറുന്നതിന് KYC വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്നും അതിനാല്‍ ഇത്തരത്തില്‍ വരുന്ന മെസേജുകളോടോ കോളുകളോടോ യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കഴിഞ്ഞ ദിവസം ദല്‍ഹി പൊലിസ് അറിയിച്ചു.
തട്ടിപ്പില്‍ പെടാതിരിക്കാന്‍ നാല് നിര്‍ദേശങ്ങളാണ് പ്രധാനമായും ദല്‍ഹി പൊലിസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ആപ്പുകള്‍ വഴി പണം കൈമാറുന്ന സമയത്ത് KYC വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന മെസേജുകളിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, ഇനി ഫോണ്‍കോളാണ് വരുന്നതെങ്കില്‍ വിളിക്കുന്നയാള്‍ നിര്‍ദേശിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്, ഒരു രൂപ പോലും ഈ നിര്‍ദേശങ്ങള്‍ പ്രകാരം കൈമാറരുത്, മെസേജില്‍ വരുന്ന നമ്പറില്‍ വിളിക്കാന്‍ ശ്രമിക്കരുത് എന്നീ കരുതല്‍ നിര്‍ദേശങ്ങളാണ് പൊലിസ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇത്തരത്തില്‍ വരുന്ന ഏതെങ്കിലും മെസേജുകളിലോ കോളുകളിലോ സംശയം തോന്നുകയാണെങ്കില്‍ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴി പരാതികള്‍ അറിയിക്കാമെന്നും പൊലിസ് അറിയിക്കുന്നു.