| Wednesday, 2nd October 2024, 10:32 pm

പ്രതിഷേധം കനത്തതോടെ വാങ്ചുക്കിനെ മോചിപ്പിച്ച് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മാഗ്സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചുക്കിനെയും അനുയായികളെയും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച് ദല്‍ഹി പൊലീസ്. 44 മണിക്കൂറുകള്‍ക്ക് ശേഷമാണ് വാങ്ചുക്ക് കസ്റ്റഡിയില്‍ നിന്ന് പുറത്തുവരുന്നത്.

വാങ്ചുക്ക്

ബുധനാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് വാങ്ചുക്കിനെയും അനുയായികളെയും പൊലീസ് മോചിപ്പിച്ചത്. കസ്റ്റഡിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വാങ്ചുക്കിന്റെ മോചനം.

ലഡാക്കില്‍ വിവിധ സംഘടനകള്‍ വാങ്ചുക്കിന്റെ കസ്റ്റഡിക്കെതിരെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് വാങ്ചുക്കും അനുയായികളും അറസ്റ്റിലായത്.

ലഡാക്കിന് സംസ്ഥാനപദവി, ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തല്‍ അടക്കം ആവശ്യപ്പെട്ടാണ് വാങ്ചുക്ക് മാര്‍ച്ച് നടത്തിയത്. സെപ്റ്റംബര്‍ ഒന്നിന് ലേയില്‍ നിന്നാണ് ദല്‍ഹി ചലോ എന്ന പേരില്‍ വാങ്ചുക്കും അനുയായികളും റാലി ആരംഭിച്ചത്.

തുടര്‍ന്ന് സിംഗു അതിര്‍ത്തിയില്‍ വെച്ച് 150ഓളം അനുയായികളെയും വാങ്ചുക്കിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നാലെ വാങ്ചുക്കിന്റെ കസ്റ്റഡി ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷപാര്‍ട്ടികള്‍ ദല്‍ഹി പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലഡാക്കിന്റെ ശബ്ദം കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ മോദി സര്‍ക്കാര്‍ വീണ്ടും കൊലപ്പെടുത്തിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.

ലഡാക്കിന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സുമാണ് പ്രതിഷേധ റാലി നടത്തിയത്. ലഡാക്കിന് സംസ്ഥാന പദവിയും ലേ, കാര്‍ഗില്‍ എന്നീ ജില്ലകള്‍ക്ക് പ്രത്യേക ലോക്സഭാ സീറ്റുകളും നല്‍കുക എന്നതാണ് സംഘടനകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

Content Highlight: Delhi Police freed Wangchuk as the protests intensified

We use cookies to give you the best possible experience. Learn more