ദല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ പൊലീസ് വിജയിച്ചുവെന്ന് അമിത് ഷാ
DELHI VIOLENCE
ദല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ പൊലീസ് വിജയിച്ചുവെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th March 2020, 7:49 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പൊലീസ് നടത്തിയ ‘ഇടപെടലിനെ’ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 36 മണിക്കൂര്‍ കൊണ്ട് 20 ലക്ഷം ജനസംഖ്യയുള്ള പ്രശ്‌നബാധിത പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ദല്‍ഹി പൊലീസിന് സാധിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു.

ലോക്‌സഭയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കലാപസമയത്ത് ആക്രമണം നടത്തിയവര്‍ക്കെതിരെ 700 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

150 ഓളം ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആയുധനിയമ പ്രകാരം 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു.

ദല്‍ഹി കലാപത്തില്‍ പൊലീസ് അനാസ്ഥയെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെയാണ് പൊലീസിനെ ന്യായീകരിച്ച് അമിത് രംഗത്തെത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ദല്‍ഹി പൊലീസിന് നേരത്തെ തന്നെ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൗജ്പുരില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും സേനയെ വിന്യസിക്കണമെന്നും തുടരെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് ആറു മുന്നറിയിപ്പുകളെങ്കിലും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പിനോടുപോലും ദല്‍ഹി പൊലീസ് പ്രതികരിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റ്ലിജന്‍സും പല തവണ വയര്‍ലെസ് സന്ദേശങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ വൈകിട്ട് മൂന്നിന് മൗജ്പുര്‍ ചൗക്കില്‍ എത്തിച്ചേരണമെന്ന് ഫെബ്രുവരി 23 ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ആദ്യ മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പൊലീസിനോട് കൂടുതല്‍ സേനയെ വിന്യസിപ്പിക്കണമെന്നും ഇന്റലിജന്‍സ് വിങ് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് കല്ലേറ് തുടങ്ങിയതോടെ തുടരെ തുടരെ മറ്റ് മുന്നറിയിപ്പുകളും നല്‍കി.

പൊലീസ് ഈ സമയങ്ങളിലെല്ലാം നിഷ്‌ക്രിയരായി തുടരുകയായിരുന്നു. എന്നാല്‍, മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ പൊലീസ് എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നെന്നാണ് പേരു വ്യക്തമാക്കാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

ഞായറാഴ്ച കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനു പിന്നാലെയാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് സംഘര്‍ഷം കലാപത്തിലേക്ക് മാറുകയായിരുന്നു.

ലഭിച്ച മുന്നറിയിപ്പുകളെ പരിഗണിച്ച് ദല്‍ഹി പൊലീസ് നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കലാപ സാധ്യത ഒഴിവാക്കാമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദല്‍ഹി പൊലീസിന്റെ അനാസ്ഥയെ സുപ്രീം കോടതിയും ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.

WATCH THIS VIDEO: